പട്‌ന (ബിഹാർ) : രാമചരിതമാനസത്തെച്ചൊല്ലിയുള്ള രാഷ്‌ട്രീയ തർക്കങ്ങൾ നാളുകളായി രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ രാമചരിതമാനസം പതിനാറാം നൂറ്റാണ്ടിൽ ഭക്തകവി തുളസീദാസ് പള്ളിയുടെ ഉള്ളിൽ വച്ച് എഴുതിയതാണെന്ന പ്രസ്‌താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് പട്‌നയിലെ ദനാപൂരിൽ നിന്നുള്ള ആർജെഡി എംഎൽഎ റിത്‌ലാൽ യാദവ്. പട്‌നയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് റിത്‌ലാൽ ബിജെപിയെ കടന്നാക്രമിച്ച് പ്രസ്‌താവന നടത്തിയത്.
'ഹിന്ദുത്വ രാജ്, നിങ്ങൾ പരസ്‌പരം പോരടിക്കുന്ന തിരക്കിലാണ്. ഇത് എത്രനാൾ തുടരും? രാമക്ഷേത്രം അജണ്ടയിൽ ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു, ആളുകൾ രാമക്ഷേത്രത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. രാമചരിതമാനസ് എഴുതിയത് ഒരു പള്ളിയില്‍വച്ചാണ്.
ഭൂതകാലത്തിലേക്ക് നോക്കുക. അക്കാലത്ത് നമ്മുടെ ഹിന്ദുത്വത്തിന് ഒരു ഭീഷണിയും ഉണ്ടായിരുന്നില്ല. ഇത്രയും കാലം മുഗൾ ഭരണകാലത്ത് നമ്മുടെ ഹിന്ദുത്വം അപകടത്തിലായിരുന്നില്ല. 18 വയസുള്ള ഒരു മുസ്ലിം പെൺകുട്ടി ആഗോളതലത്തിൽ ഭാഗവത കഥാ മത്സരത്തിൽ വിജയിക്കുമ്പോൾ അവർ (ബിജെപി) എവിടെയായിരുന്നു?
ഒരു മുസ്ലിം പെൺകുട്ടി ഭഗവത് കഥയെ പ്രോത്സാഹിപ്പിക്കുകയും അത് ഉൾക്കൊള്ളുകയും ചെയ്യുന്നതിനെക്കുറിച്ച് എന്തുകൊണ്ടാണ് അവർ സംസാരിക്കാത്തത് ?. ജനങ്ങളും അതിൽ നിന്ന് പഠിക്കണം' - റിത്‌ലാൽ യാദവ് പറഞ്ഞു.
അതേസമയം ബിഹാറിലെ ആർജെഡിയുടെ സഖ്യ കക്ഷിയായ ജെഡിയു ഈ വിവാദത്തിൽ നിന്ന് വിട്ടുനിന്നു. മതത്തിന്‍റെ പേരിൽ ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്ന് ജെഡിയു വക്താവ് അഭിഷേക് ഝാ പറഞ്ഞു. 'എല്ലാവർക്കും അവരവരുടെ മതത്തിൽ വിശ്വാസമുണ്ട്. അതുകൊണ്ട് അദ്ദേഹം ഇത്തരമൊരു പ്രസ്‌താവന നടത്തരുതായിരുന്നെന്നും ഝാ പറഞ്ഞു.
വിദ്വേഷം നിറഞ്ഞ പുസ്‌തകമെന്ന് ചന്ദ്രശേഖർ : നേരത്തെ 2023 ജനുവരിയിൽ നളന്ദയിലെ ഒരു പരിപാടിക്കിടെ ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ രാമചരിതമാനസിനെക്കുറിച്ച് വിവാദ പ്രസ്‌താവന നടത്തിയിരുന്നു. രാമചരിതമാനസിനെ വിദ്വേഷം നിറഞ്ഞ പുസ്‌തകമെന്നാണ് ബിഹാർ മന്ത്രി വിശേഷിപ്പിച്ചത്. രാമചരിതമാനസ്, മനുസ്‌മൃതി, എം.എസ് ഗോൾവാർക്കറുടെ വിചാരധാര തുടങ്ങിയ പുസ്‌തകങ്ങൾ ഭിന്നത സൃഷ്‌ടിച്ചെന്നും മന്ത്രി പറഞ്ഞിരുന്നു.
സമൂഹത്തിൽ വിഭാഗീയ സൃഷ്‌ടിക്കുന്നത് കൊണ്ടാണ് ജനങ്ങൾ മനുസ്‌മൃതി കത്തിച്ചതെന്നും ദലിതരുടെയും പിന്നാക്കരുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനെതിരെ വിവരിക്കുന്ന രാമചരിതമാനസത്തിലെ ഭാഗം ഒഴിവാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ചന്ദ്രശേഖറിന്‍റെ പ്രസ്‌താവന അന്ന് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്.
വിമർശിച്ച് ജിതൻ റാം മാഞ്ചിയും : ഈ വർഷം മാർച്ചിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) പ്രസിഡന്‍റുമായ ജിതൻ റാം മാഞ്ചിയും രാമചരിതമാനസിനെതിരെ രംഗത്തെത്തിയിരുന്നു. 'രാമചരിതമാനസിലെ നിരവധി ചരണങ്ങൾ സ്‌ത്രീകളെയും ദളിതരെയും ഉൾപ്പടെയുള്ള വിഭാഗങ്ങളെ താഴ്ത്തിക്കെട്ടുന്നു എന്നാണ് മാഞ്ചി അഭിപ്രായപ്പെട്ടത്.
ഇത്തരം നിന്ദ്യമായ വരികൾ രാമചരിതമാനസിൽ നിന്ന് നീക്കം ചെയ്യണം. രാഹുൽ സംകൃത്യായൻ, ലോകമാന്യ തിലക് എന്നിവർ രചിച്ച പുസ്‌തകങ്ങളിൽ ശ്രീരാമനെ ഒരു സാങ്കൽപ്പിക കഥാപാത്രമായാണ് പരാമർശിച്ചത്. പക്ഷേ, ഞങ്ങൾ ചോദ്യം ചെയ്യുമ്പോഴോ ശബ്‌ദം ഉയർത്തുമ്പോഴോ അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുന്നു' - ജിതൻ റാം മാഞ്ചി പറഞ്ഞു.