ബെഗുസരായി (ബിഹാര്‍) : മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരകളാക്കി, നഗ്‌നരാക്കി ജനമധ്യത്തില്‍ നടത്തിയ വീഡിയോ ചര്‍ച്ചയായതിന് പിന്നാലെ ബിഹാറില്‍ നിന്നൊരു ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ബിഹാറിലെ ബെഗുസരായിയില്‍ ജനക്കൂട്ടം ഒരു സ്‌ത്രീയുടെ വസ്‌ത്രങ്ങള്‍ വലിച്ച് കീറുകയും മര്‍ദിക്കുകയും ചെയ്യുന്നതാണ് ദൃശ്യം. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി, മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവയ്‌ക്കണം എന്ന് ആവശ്യപ്പെട്ടു. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ബെഗുസരായി ജില്ലയിലെ തെഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. ഗ്രാമത്തിലെ ഹാര്‍മോണിയം വിദ്വാനായ കിഷന്‍ദേവ് ചൗരസ്യയ്‌ക്കൊപ്പം യുവതിയെ നാട്ടുകാര്‍ കണ്ടതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഇരുവരെയും നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു.
യുവതിയും കിഷന്‍ദേവും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇരുവരെയും പിടികൂടിയ നാട്ടുകാര്‍ വസ്‌ത്രം ധരിക്കാന്‍ അനുവദിക്കാതെ വലിച്ചുകീറുകയും മര്‍ദിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. തങ്ങളെ വിട്ടയക്കണം എന്ന് യുവതി നാട്ടുകാരോട് അഭ്യര്‍ഥിക്കുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. എന്നാല്‍ ഇരുവരെയും വിട്ടയക്കാതെ ആളുകള്‍ അവരെ അധിക്ഷേപിക്കുന്ന രീതിയില്‍ പെരുമാറുകയായിരുന്നു.
സംഭവത്തിൽ പൊലീസ് ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും കേസിൽ ഒരു പ്രതിയും രക്ഷപ്പെടില്ലെന്നും ബെഗുസരായി എസ്‌പി യോഗേന്ദ്ര കുമാർ പറഞ്ഞു. തേഗ്ര പൊലീസ് സ്റ്റേഷനിലേക്കും വനിത പൊലീസ് സ്റ്റേഷനിലേക്കും, കർശന നടപടിയെടുക്കാൻ ഉത്തരവ് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് ഇടപെട്ടതിന് ശേഷം മര്‍ദനത്തിന് ഇരയായ യുവതി ഏറെ നേരം വനിത പൊലീസ് സ്റ്റേഷന്‍ മേധാവിക്കൊപ്പമായിരുന്നു. യുവതിയേയും മധ്യവയസ്‌കനേയും വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയിട്ടുണ്ട്. ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും എസ്‌പി പറഞ്ഞു.
പ്രതിഷേധവുമായി ബിജെപി, മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ആവശ്യം : അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി എംപി രാംകൃപാൽ യാദവ് രംഗത്തെത്തി. കൊലപാതകവും കവർച്ചയും സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും ബിഹാറിൽ അനുദിനം വർധിച്ചുവരികയാണെന്നും ഇതിലെല്ലാം മുഖ്യമന്ത്രി നിശബ്‌ദനാണെന്നും യാദവ് ആരോപിച്ചു. കേരളത്തിലെയും ബിഹാറിലെയും ബംഗാളിലെയും സ്ഥിതിഗതികള്‍ വളരെ സങ്കടകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ സര്‍ക്കാര്‍ ഭരണത്തെ അധികാരത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയെന്നും വിജയ് കുമാര്‍ സിന്‍ഹ ആരോപിച്ചു.
ബെഗുസരായിയിൽ നിന്നുള്ള ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങും വിഷയത്തിൽ സർക്കാരിനെ വിമര്‍ശിച്ചു. 'ബെഗുസരായിയിലെ തെഗ്ര പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിൽ സ്‌ത്രീയെ നഗ്നയാക്കി മർദിച്ചു, ഇത്തരമൊരു ഹീനമായ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് പകരം നിതീഷ് കുമാർ ഉൾപ്പടെ എല്ലാ പ്രതിപക്ഷ നേതാക്കളും ഒട്ടകപ്പക്ഷിയെപ്പോലെ മുഖം പൂഴ്ത്തുകയാണ്. ബിഹാറിൽ കസേരയ്ക്ക് വേണ്ടി ക്രമസമാധാനം ബലികഴിക്കപ്പെടുമ്പോള്‍ ആരിൽ നിന്ന് നീതി പ്രതീക്ഷിക്കണം' - സിങ് ചോദിച്ചു.
എന്നാൽ, വിഷയത്തിൽ ബിജെപിക്കെതിരെ ജെഡിയു അധ്യക്ഷൻ ലാലൻ സിങ് രംഗത്തുവന്നു. '24 മണിക്കൂറിനുള്ളിൽ വിഷയത്തില്‍ ശക്തമായ നടപടികളെടുക്കാനായിട്ടുണ്ട്. ഞങ്ങൾ വാക്കിലും ആത്മാവിലും നിയമം പാലിക്കുന്നു, അതിന്‍റെ ഉദാഹരണമാണ് ബെഗുസരായി സംഭവം. എന്നാൽ മണിപ്പൂരിൽ പ്രതികൾ 80 ദിവസമായി കറങ്ങിനടക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെക്കുറിച്ച് ഒരു പ്രസ്‌താവന പോലും നൽകുന്നില്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.