ജയ്‌പൂര്‍: ബിഗ് ബോസ് ഫെയിം ഗോറി നഗോരിയ്‌ക്കും സംഘത്തിനും നേരെ ആക്രമണം. സഹോദരിയുടെ വിവാഹ ചടങ്ങിനിടെ സഹോദരി ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്നാണ് മര്‍ദനത്തിന് ഇരയാക്കിയതെന്ന് താരം. ഗെഗാളിലെ എലിമാക്‌സ് റിസോര്‍ട്ടില്‍വച്ച് നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഭവം.
ചടങ്ങിനിടെ ഫോട്ടോയെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായത്. ആക്രമണത്തില്‍ ഗോറി നഗോരിയുടെ മാനേജര്‍ക്കും പരിക്കേറ്റു. ഗോറി നഗോരിയെ മുടിയില്‍ പിടിച്ച് വലിച്ചുകൊണ്ടുപോയാണ് സംഘം മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് പരാതി നല്‍കാന്‍ ഗെഗാള്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പരാതി കൈപ്പറ്റാന്‍ തയ്യാറാകാത്ത പൊലീസ് ഗോറിയെ ഒപ്പം നിര്‍ത്തി സെല്‍ഫിയെടുത്ത് പറഞ്ഞുവിട്ടെന്നും പരാതിയുണ്ട്. ആക്രമണത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മെയ് 22നായിരുന്നു ഗോറി നഗോരിയുടെ സഹോദരിയുടെ വിവാഹം. ഇളയ സഹോദരിയുടെ ഭര്‍ത്താവ് ജാവേദും 13 പേരടങ്ങുന്ന അദ്ദേഹത്തിന്‍റെ കൂട്ടാളികളുമാണ് തന്നേയും സംഘത്തേയും ആക്രമിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ താരം പറയുന്നത്. സംഭവത്തെ തുടര്‍ന്ന ഗോറി, സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയും വൈറലായി.
ആക്രമണത്തിന് പിന്നാലെ സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ച് ഗോറി: 'ഹലോ സുഹൃത്തുക്കളേ, ഞാൻ നിങ്ങളുടെ ഗോറിയാണ്. എനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കിടുന്നതിനായാണ് ഞാന്‍ ഈ വീഡിയോ പങ്കുവയ്‌ക്കുന്നത്. മെയ് 22ന് എന്‍റെ സഹോദരിയുടെ വിവാഹമായിരുന്നു. ഞാൻ മെർട്ടയിലാണ് താമസിക്കുന്നത്. എന്‍റെ അച്ഛനും ചേട്ടനും ഒന്നും ഇവിടെയില്ല. അതുകൊണ്ട് വിവാഹത്തിന് കിഷന്‍ഗഡിലേക്ക് വന്നാല്‍ ഞാൻ എല്ലാ സൗകര്യങ്ങളും ചെയ്‌തുതരമെന്ന് ഇളയ സഹോദരി ഭര്‍ത്താവ് പറഞ്ഞു'.
'അതുകൊണ്ട് തന്നെ വിവാഹം അവിടെ വച്ച് നടത്താമെന്ന് തങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ എന്നെ കിഷന്‍ഗഡിലേക്കെത്തിക്കാനുള്ള അദ്ദേഹത്തിന്‍റെ നീക്കമായിരുന്നു അതെന്ന് എനിക്കറിയില്ലായിരുന്നു. വിവാഹത്തിന് അവിടെ എത്തിയ എന്നേയും മാനേജറേയുമെല്ലാം ജാവേദും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചു.'- ഗോരി നഗോരി വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്.
ആക്രമണത്തിന് പിന്നില്‍ മറ്റൊന്തോ ഉദ്ദേശമുണ്ടെന്നും അതുകൊണ്ടാണ് ഫോട്ടോ എടുക്കുന്നതിനെ ചൊല്ലിയുണ്ടായ സംസാരത്തില്‍ അത്രയും വലിയ ആക്രമണം നടത്തിയതെന്നും താരം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് താന്‍ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. ഏറെ നേരം പൊലീസ് സ്റ്റേഷനില്‍ ഇരുത്തിയ പൊലീസ് ഒടുക്കം ഇത് കുടുംബ കാര്യമാണെന്നും ഇതില്‍ കേസെടുക്കാനാകില്ലെന്നും പറഞ്ഞു. അവസാനം ഒപ്പം നിന്ന് സെല്‍ഫിയെടുത്ത പൊലീസ് തന്നെ തിരിച്ചയച്ചെന്നും ഗോറി വീഡിയോയില്‍ പറഞ്ഞു. പൊലീസില്‍ നിന്ന് പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗോറി രാജസ്ഥാന്‍ സര്‍ക്കാറിന്‍റെ സഹായം തേടി.
ഞാന്‍ വീട്ടില്‍ തനിച്ചാണ് തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം തങ്ങളെ ആക്രമിച്ച സംഘത്തിനാണെന്നും വിഷയത്തില്‍ അശോക് ഗെലോട്ട്‌ജിയും സച്ചിന്‍ പൈലറ്റ്‌ജിയും ഇടപെടണമെന്നും ഗോറി വീഡിയോയില്‍ അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ ദയവായി തന്നെ സഹായിക്കണമെന്ന് ഗോറി വീഡിയോയില്‍ പറഞ്ഞു.