ലഖ്‌നൗ : വീണ്ടും കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേന്ദ്രസർക്കാർ 'സുഹൃത്തുക്കൾക്ക്' വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും വൻകിട വ്യവസായികൾ പ്രതിദിനം 1000 കോടി രൂപ സമ്പാദിക്കുമ്പോൾ കർഷകർക്ക് 27 രൂപപോലും സ്വരുക്കൂട്ടാന്‍ സാധിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.യുപിയില്‍ നാലാം ഘട്ട തെരഞ്ഞെടുപ്പിന്‍റെ അവസാന ദിന പ്രചാരണത്തിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിമർശനം.
ചത്തീസ്‌ഗഡില്‍ കോൺഗ്രസ് ഭരണത്തിലേറി മൂന്ന് മണിക്കൂറിനുള്ളിൽ കർഷക വായ്‌പ എഴുതിത്തള്ളി. എന്നാൽ ബിജെപിക്ക് ഭരണം ലഭിച്ചപ്പോഴൊക്കെ വൻ വ്യവസായികൾക്ക് വേണ്ടിയാണ് അവർ പ്രവർത്തിച്ചത്.
ലോക രാജ്യങ്ങൾ ചുറ്റിക്കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ അഭിമാനം ഉയർത്തുന്നുവെന്നാണ് ബിജെപിയുടെ അവകാശവാദം. എന്നാൽ രാജ്യത്തിലെ യുവാക്കൾക്ക് ജോലി ലഭിക്കുകയും കർഷകരെ ശക്തിപ്പെടുത്താൻ സാധിക്കുകയും ചെയ്‌താൽ മാത്രമേ രാജ്യത്തിന്‍റെ അഭിമാനം ഉയരുകയുള്ളൂ.
സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളായ എസ്‌പിയെയും ബിഎസ്‌പിയെയും പ്രിയങ്ക ഗാന്ധി വിമർശിച്ചു. സംസ്ഥാനത്ത് സ്‌ത്രീകൾ പീഡിപ്പിക്കപ്പെട്ടപ്പോള്‍, അതിക്രമങ്ങൾ നടന്നപ്പോൾ പ്രതിപക്ഷ പാർട്ടികൾ എവിടെയായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.
പ്രതിപക്ഷ നേതാക്കൾ ഒളിച്ചിരിക്കുകയായിരുന്നു. സിഎഎ-എൻആർഎ പ്രതിഷേധങ്ങളിലും ഇവരെ കണ്ടില്ലെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു.