മുൻ മന്ത്രി വൈഎസ് വിവേകാനന്ദ റെഡ്ഡിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് വൈ.എസ് ജഗൻമോഹൻ റെഡ്ഡി. വിവേകാനന്ദ റെഡ്ഡിയുടെ മരണത്തില്‍ ടിഡിപിക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കെട്ടിച്ചമച്ച തെളിവുകള്‍ വച്ച് പൊലീസ് അന്വേഷണം വഴിതിരിച്ച് വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വൈഎസ് രാജ റെഡ്ഡി മരിക്കുമ്പോഴും ഇപ്പോള്‍ വിവേകാനന്ദ റെഡ്ഡിയുടെ മരണം സംഭവിച്ചപ്പോഴും ടിഡിപിയാണ് അധികാരത്തില്‍. വൈഎസ് രാജശേഖര റെഡ്ഡി യാത്ര ചെയ്ത ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് വൈഎസ്ആര്‍ ഇനി തിരിച്ചുവരില്ലെന്ന്ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നതായും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.
ചന്ദ്രബാബു നായിഡു കൊലപാതക രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നആളാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വിജയ് സായ് റെഡ്ഡി ആരോപിച്ചു. നായിഡുവിനും മകൻ ആദിനാരായണ റെഡ്ഡിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ ഇന്നലെയാണ് ആന്ധ്രയിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ മുറിയിലും കുളിമുറിയിലും രക്തക്കറകളുണ്ടെന്നും അതിനാൽ വിവേകാനന്ദ റെഡ്ഡിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് അദ്ദേഹത്തിന്‍റെ പേഴ്സണൽ അസിസ്റ്റന്‍റ് എം.വി. കൃഷ്ണ റെഡ്ഡി പുലിവെന്‍ഡുല പൊലീസിൽ പരാതി നൽകിയിരുന്നു. 1989ലും 1994ലുമാണ് പുലിവെന്‍ഡുലയില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.