ന്യൂഡല്‍ഹി: കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് യൂസുഫ് തരിഗാമിയെ കരുതല്‍ തടങ്കലിലാക്കിയതിനെതിരെ വീണ്ടും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. തരിഗാമിക്കെതിരെ കേസുകളൊന്നും നിലവിലില്ല. എന്നിട്ടും എന്തിനാണ് തരിഗാമിയെ തടങ്കലില്‍ വയ്ക്കുന്നതെന്ന് വ്യക്തമാക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
രണ്ട് മാസമായി തരിഗാമി വീട്ടുതടങ്കലില്‍ കഴിയുകയാണ്. മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ മാര്‍ഗങ്ങളൊന്നുമില്ല. തരിഗാമി സമര്‍പ്പിച്ച കേസ് വീണ്ടും ആറ് ആഴ്ചത്തേക്ക് മാറ്റി വച്ചിരിക്കുന്നു. കടുത്ത മനുഷ്യവകാശ ലംഘനമാണ് അദ്ദേഹം നേരിടുന്നതെന്നും യെച്ചൂരി പറഞ്ഞു.
തരിഗാമിക്കായി യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ കേന്ദ്രത്തോട് സുപ്രീം കോടതി നിലപാട് തേടിയിരുന്നു. എന്നാല്‍ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ലെന്ന വാദം കോടതി തള്ളിയത് ശ്രദ്ധേയമായി. തരിഗാമിയെ കഴിഞ്ഞ മാസം കോടതിയില്‍ ഹാജരാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിരീക്ഷണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് തരിഗാമി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് പരാമര്‍ശിച്ച കോടതി കാണാതായ ഒരാള്‍ക്ക് എങ്ങനെ പരാതി നല്‍കാന്‍ കഴിയുമെന്നും ചോദിച്ചു. വിഷയം വേഗത്തില്‍ പരിഗണിക്കണമെന്ന യെച്ചൂരിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ക്രമാനുഗതമായി കേസ് പരിഗണിക്കും എന്നാണ് കോടതിയുടെ നിലപാട്.
കഴിഞ്ഞ മാസമാണ് തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് കോടതി അനുമതി നല്‍കിയത്. അദ്ദേഹത്തെ വിട്ടു കിട്ടുന്നതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം വാങ്ങുന്നതിനും കൂടിയായിരുന്നു അനുമതി. തരിഗാമിയുടെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കള്‍ ഇപ്പോഴും കശ്മീരില്‍ വീട്ട് തടങ്കലില്‍ തുടരുകയാണ്