ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 80,472 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 1,179 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 62,25,764 ആയി. കൊവിഡ് ബാധിച്ച് ഇതുവരെ 97,497 പേരാണ് മരിച്ചത്. ഇന്ത്യയിൽ 9,40,441സജീവ രോഗ ബാധിതരാണ് ഉള്ളത്. 51,87,826 പേർക്ക് രോഗം ഭേദമായി.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 2,60,789 സജീവ രോഗ ബാധിതരും 10,69,159 രോഗമുക്തരും 36,181 കൊവിഡ് മരണവുമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. കർണാടകയിൽ 1,07,756 സജീവ രോഗബാധിതരാണ് ഉള്ളത്. സംസ്ഥാനത്ത് 4,76,378 പേർക്ക് രോഗം ഭേദമായപ്പോൾ 8,777 പേർ വൈറസ് ബാധിച്ച് മരിച്ചു. ആന്ധ്രപ്രദേശിൽ 59,435 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. ആറ് ലക്ഷത്തോളം പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് 5,780 പേർ മരിച്ചു. സെപ്റ്റംബർ 29 വരെ രാജ്യത്ത് 7,41,96,729 സാമ്പിളുകൾ പരിശോധിച്ചു. ചൊവ്വാഴ്ച മാത്രം 10,86,688 സാമ്പിളുകളാണ് പരിശോധിച്ചത്.