ന്യൂഡല്‍ഹി: പാക് സൈന്യത്തിന്‍റെ പിടിയിൽ നിന്ന് മോചിപ്പിക്കപ്പെട്ട് ഇന്ത്യയിലെത്തിയ ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാന് സ്ഥലം മാറ്റം. പടിഞ്ഞാറൻ അതിർത്തി മേഖലയിലെ എയർ ബേസിലേക്ക് അഭിനന്ദനെ സ്ഥലം മാറ്റിയതായി വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. കശ്മീരിലെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥലം മാറ്റം.
സുരക്ഷകാരണങ്ങളാൽ പുതിയ സ്ഥലത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. നിലവിൽ ശ്രീനഗറിലുള്ള എയർഫോഴ്സ് നമ്പർ 51 സ്‌ക്വാഡ്രനിലാണ് അഭിനന്ദനുള്ളത്. അഭിനന്ദൻ വർദ്ധമാൻ അധികം വൈകാതെ യുദ്ധ വിമാനങ്ങൾ പറത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാകിസ്ഥാൻ യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ മിഗ് 21 വിമാനം തകർന്ന് അഭിനന്ദൻ പാകിസ്ഥാൻ സൈന്യത്തിന്‍റെ പിടിയിലാവുന്നത്. പിടിയിലാവുന്നതിന് മുൻപെ പാകിസ്ഥാന്‍റെ എഫ്16 വിമാനം അഭിനന്ദൻ വെടിവെച്ച് വീഴ്ത്തിയിരുന്നു. തുടർന്ന് ആ രാജ്യത്തെ സൈന്യത്തിന്‍റെ പിടിയിലായ അഭിനന്ദനെ പിന്നീട് പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറുകയായിരുന്നു.