ന്യൂഡല്‍ഹി: സ്വകാര്യ വിവരങ്ങള്‍ ചോരാനിടയുണ്ടെന്ന് വാട്‌സ് ആപ്പ് കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവന്ന് റിപ്പോര്‍ട്ട്. ഇസ്രായേല്‍ നിര്‍മിത ചാര സോഫ്‌റ്റ്‌വെയറായ പെഗാസെസ് ഉപയോഗിച്ച് ഇന്ത്യയിലെ 121 ആളുകളുടെ വിവരം വാട്‌സ് ആപ്പ് മുഖാന്തിരം ചോരാനിടയുണ്ട്. വാട്‌സ് ആപ്പിലൂടെ ഫോണിലേക്ക് കടന്നുകയറിയായിരിക്കും വിവരം ചോര്‍ത്തുകയെന്നും കമ്പനി അധികൃതര്‍ സെപ്‌റ്റംബര്‍ അവസാന ആഴ്‌ച കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഉപഭോക്താക്കളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് ഇന്ത്യ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.
യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. അതേ സമയം വിവരം ചോര്‍ത്തല്‍ നടന്നത് മോദി സര്‍ക്കാരിന്‍റെ അറിവോടെയാണെന്ന ആരോപണം ശക്‌തിപ്പടുന്നുണ്ട്. കോണ്‍ഗ്രസ് വിഷയം കേന്ദ്ര സര്‍ക്കാരിനെതിരായ ആയുധമാക്കിയിരിക്കെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.