മുർഷിദാബാദ്: അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ദേശീയ അന്വേഷണ ഏജൻസി ഒരാളെ അറസ്റ്റ് ചെയ്തു. ജലാമിയിലെ നൗദാപാറയിലെ വീട്ടിൽ നിന്നാണ് പ്രതിയായ ഷമീം അൻസാരിയെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം അടുത്തിടെ പശ്ചിമ ബംഗാളിലേക്ക് മടങ്ങിയിരുന്നു. ഇതോടെ മുർഷിദാബാദിൽ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഏഴ് ആയി. സെപ്റ്റംബർ 19 ന് എൻഐഎ അൽ-ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള ഒമ്പത് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ആറ് പേര്‍ മുര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേര്‍ കേരളത്തിലെ കൊച്ചിയില്‍ നിന്നുമാണ് അറസ്റ്റിലായത്. കേരളത്തിലെ എറണാകുളത്തും പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുമായി നിരവധി സ്ഥലങ്ങളിൽ ഭീകരവിരുദ്ധ അന്വേഷണ ഏജൻസി ഒരേസമയം റെയ്ഡ് നടത്തിയതായി എൻഐഎ വക്താവ് അറിയിച്ചു.
നിരപരാധികളെ കൊന്നൊടുക്കാനും അവരുടെ മനസ്സിൽ ഭീകരത സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിലെ സുപ്രധാന സ്ഥലങ്ങളില്‍ തീവ്രവാദ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നതിന്‍റെ അടിസ്ഥാനത്തില്‍ സെപ്റ്റംബർ 11 ന് കേസ് രജിസ്റ്റർ ചെയ്തതായും വക്താവ് പറഞ്ഞു. റെയ്ഡിനിടെ, ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, ജിഹാദി സാഹിത്യം, മൂർച്ചയുള്ള ആയുധങ്ങൾ, രാജ്യത്തുണ്ടാക്കിയ തോക്കുകൾ, പ്രാദേശികമായി നിർമ്മിച്ച ശരീര കവചങ്ങള്‍, വീട്ടിൽ നിർമ്മിച്ച സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെ നിരവധി സാധനങ്ങള്‍ കുറ്റവാളികളുടെ കൈവശമുണ്ടായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഈ വ്യക്തികളെ പാകിസ്ഥാൻ ആസ്ഥാനമായുള്ള അൽ-ഖ്വയ്ദ തീവ്രവാദികൾ ആയുധമാക്കി ദേശീയ തലസ്ഥാന പ്രദേശം ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പ്രേരിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനായുള്ള ധനസമാഹരണത്തിൽ സജീവമായി ഏർപ്പെട്ടിരിക്കുകയാണെന്നും സംഘത്തിലെ ഏതാനും അംഗങ്ങൾ ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുന്നതിനായി ന്യൂഡൽഹിയിലേക്ക് പോകാൻ ഒരുങ്ങുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.