ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാൻ തയ്യാറായിക്കഴിഞ്ഞുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യവ്യാപക ലോക്ക് ഡൗണിന്‍റെ മൂന്നാം ഘട്ടം ആരംഭിക്കാനിരിക്കെ വ്യവസായങ്ങള്‍ക്കും സേവന മേഖലകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളന്തിലാണ് ഇക്കാര്യം പറഞ്ഞത്. ഡൽഹിയിലെ ലോക്ക് ഡൗൺ നീക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. നിയന്ത്രിത മേഖലകൾ അടച്ചിടണമെന്ന് കേന്ദ്രത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്, എന്നാൽ ബാക്കിയുള്ളവയെ ഗ്രീൻ സോണായി പ്രഖ്യാപിക്കണം, ലോക്ക് ഡൗൺ വരുമാനത്തെയും ബാധിക്കുന്നുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു. ലോക്ക് ഡൗൺ എടുത്തുകളഞ്ഞാൽ പുതിയ കൊവിഡ് കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും എന്നിരുന്നാലും, അവ ചികിത്സിക്കാൻ തയ്യാറാണെന്നും രോഗബാധിതരെ നിരീക്ഷിക്കാൻ കൊവിഡ് -19 ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ട് ലോക്ക് ഡൗൺ തുടര്‍ന്നുകൊണ്ടു പോകാനാവില്ലെന്നും സര്‍ക്കാരിന്‍റെ വരുമാനം ഗണ്യമായി ഇടിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. വൈറസ് വ്യാപനം നേരിട്ടുകൊണ്ടുതന്നെ നാം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ സർക്കാരിന്‍റെ വരുമാനം 3,500 കോടിയായിരുന്നുവെന്നും ഇത് ഈ വർഷം 300 കോടി രൂപയായി കുറഞ്ഞതായും കെജ്‌രിവാള്‍ പറഞ്ഞു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഡൽഹിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,122 ആണ്. ഇതിൽ 1,256 പേർ സുഖം പ്രാപിക്കുകയും 64 പേർ മരിക്കുകയും ചെയ്തു.