നമ്മള്‍ ഒരു യുദ്ധത്തിലാണ്. ലോകം മുഴുവന്‍ കൊവിഡ് 19 വൈറസിനെതിരെ പോരാടുന്ന കാഴ്‌ചകള്‍ കാണുമ്പോള്‍ ഇങ്ങനെയല്ലാതെ ഈ സാഹചര്യത്തെ വിവരിക്കാനാകില്ല. ശത്രു അദൃശ്യനായിരിക്കാം. പക്ഷെ മുന്‍ കാലങ്ങളിലെല്ലാം ഇന്ത്യ നേരിട്ട ശത്രുക്കളേക്കാള്‍ വിനാശകാരിയാണ്. ഈ പോരാട്ടത്തില്‍ എത്ര ജീവനുകള്‍ അപഹരിക്കപ്പെടുമെന്ന് നമുക്കറിയില്ല. പക്ഷെ ഈ വൈറസ് ഇപ്പോള്‍ തന്നെ നമ്മുടെ രാഷ്ട്രത്തിന്‍റെ ക്ഷേമത്തേയും നമ്മുടെ ജീവിത രീതികളേയും നമ്മുടെ ഭാവിയെ തന്നെയും തകരാറിലാക്കി കഴിഞ്ഞു.
വര്‍ഷങ്ങള്‍ പിന്നിലോട്ട് നോക്കുമ്പോള്‍ കാണാന്‍ കഴിയുക യൂണിഫോമണിഞ്ഞവര്‍ യുദ്ധത്തില്‍ പോരാടുകയും ഇന്ത്യയിലെ ജനങ്ങള്‍ നോക്കിയിരിക്കുകയും ചെയ്യുന്ന കാഴ്‌ചയാണ്. എന്നാലിന്ന് എല്ലാം പാടെ മാറിയിരിക്കുന്നു. നാമോരോരുത്തരും ഓരോ ഭടനാവേണ്ടതുണ്ട്. വെറും ഒരു പൗരനില്‍ നിന്നും പൗര-ഭടനായി മാറുക എന്നത് അത്ര എളുപ്പമല്ല. ഒരുപക്ഷെ സൈന്യത്തിന്‍റെ രീതികളില്‍ നിന്നും നാമോരോരുത്തരും പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്.
കാലാള്‍പടയിലെ ഒരു ഭടന്‍ ശത്രുവിന്‍റെ താവളത്തെ ആക്രമിക്കുമ്പോള്‍ യുദ്ധത്തിന്‍റെ മുന്‍ നിരയില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ പിറകിലുള്ള പീരങ്കി പട ശത്രുവിനെ നിശ്ചലനാക്കുന്നതിനായി മേഖലയില്‍ വന്‍ തോതില്‍ സ്‌ഫോടക ശക്തിയുള്ള ആയിരകണക്കിന് ഷെല്ലുകള്‍ വര്‍ഷിച്ചു കഴിഞ്ഞിരിക്കും. കാലാള്‍പടക്ക് ഏല്‍ക്കുന്ന ജീവനാശം പരമാവധി കുറക്കുന്നതിനായി കുഴി ബോംബുകള്‍ വിതറിയ പാടങ്ങള്‍ക്ക് നടുവിലൂടെ എഞ്ചിനീയര്‍മാര്‍ സുരക്ഷിത വഴി വെട്ടിയിരിക്കും. അതോടൊപ്പം മുന്‍ നിരയില്‍ പോരാടുന്ന ഭടന്മാര്‍ക്ക് വെടിക്കോപ്പുകള്‍, ഭക്ഷണം, മറ്റ് അത്യാവശ്യ വിതരണങ്ങള്‍ എന്നിവ എത്തിക്കുന്നതിനായി ഏറ്റവും പിറകിലെ ബേസ് ക്യാമ്പിലുള്ള ലോജിസ്റ്റിക് വിദഗ്‌ധര്‍ ഉണ്ട്. അതിനാല്‍ ഓരോരുത്തരും തങ്ങളുടെ ലക്ഷ്യങ്ങള്‍ കൃത്യമായി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ യുദ്ധത്തില്‍ തോല്‍വി ഉറപ്പാണ്.
എന്നാല്‍ ഇന്നു നമ്മള്‍ നേരിടുന്നത് മുന്‍നിരയെന്നോ സുരക്ഷിത മേഖലയെന്നോ അല്ലെങ്കില്‍ സമ്പന്നനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാത്ത ഒരു സ്ഥിതി വിശേഷത്തേയാണ്. നമ്മുടെ ഡോക്‌ടര്‍മാരും നഴ്‌സുമാരും പൊലീസ് ഉദ്യോഗസ്ഥരും അടിയന്തര ജീവനക്കാരുമെല്ലാം കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ അവരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനായി ഓരോ പൗരനും പിന്തുണയേകുന്ന ഭടന്മാരായി മാറണം.
നമുക്ക് ദക്ഷിണ കൊറിയയിലെ ചരിത്രം ഒരുദാഹരണമായി എടുക്കാം. കൊറോണ വൈറസ് അവിടെ റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 20നാണ്. അവിടെ നാലാഴ്‌ച കഴിഞ്ഞിട്ടും കേസുകള്‍ മുപ്പതില്‍ നില്‍ക്കുന്നു. മുപ്പത്തിഒന്നാമത്തെ രോഗി എന്ന പേരില്‍ കുപ്രസിദ്ധമായി അറിയപ്പെടുന്ന ആ സ്ത്രീ തുടക്കത്തില്‍ പരിശോധനകള്‍ക്ക് വിസമതിക്കുകയും തന്‍റെ സാമൂഹിക ഇടപഴകലുകള്‍ തുടരുകയും ചെയ്‌തു. ദക്ഷിണ കൊറിയയില്‍ ആകെയുണ്ടായിരുന്ന കേസുകളുടെ 60 ശതമാനം വരും രോഗബാധ ഉള്ളപ്പോള്‍ അവര്‍ പങ്കെടുത്ത ഷിംചിയോന്‍ചി പള്ളിയിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരുടെ എണ്ണം. അതിനാല്‍ നമ്മള്‍ ആരെങ്കിലും ഇത്തരം പിഴവുകള്‍ വരുത്തി കഴിഞ്ഞാല്‍ പോരാട്ടത്തില്‍ നമ്മളെല്ലാവരും പരാജയപ്പെടും എന്നതിനുള്ള വ്യക്തമായ പാഠമാണിത്.
ഉത്തരവുകള്‍ കൃത്യമായി പാലിക്കുന്നു എന്നതിനെ സൈന്യത്തോട് തന്നെ താരതമ്യപ്പെടുത്താം. അനുസരണാ ശീലമാണ് സൈന്യത്തിലെ പരമോന്നത സ്വഭാവ ഗുണം എന്ന് സാമുവല്‍ ഹണ്ടിങ്ങ്ടണ്‍ പറയുകയുണ്ടായി. ഉടനടിയുള്ള അനുസരണം ഉണ്ടായില്ലെങ്കില്‍ യുദ്ധങ്ങളില്‍ പോരാടുവാന്‍ കഴിയുകയില്ല. യുദ്ധങ്ങള്‍ ജയിക്കുവാനും കഴിയില്ല. കൊറോണ വൈറസിനെതിരെയുള്ള ഈ പോരാട്ടത്തില്‍ നമ്മുടെ അനുസരണ ശീലം അങ്ങേയറ്റവും, നമ്മുടെ പ്രതിഞ്ജാബദ്ധത കരുത്തുറ്റതുമായിരിക്കണം. ആസൂത്രണങ്ങള്‍ വിമര്‍ശനങ്ങള്‍ക്കും ഉത്തരവാദിത്തം ഉറപ്പാക്കലിനുമൊക്കെ വിധേയമാണെങ്കിലും നമ്മള്‍ നേരിടുന്ന ഭീഷണിയുടെ സ്വഭാവം വെച്ചു നോക്കുമ്പോള്‍ നടപടി എടുക്കാതെ ഇരിക്കുന്നത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുക. പ്രതിസന്ധി വേളകളില്‍ രാഷ്ട്രീയ നേതൃത്വം എടുത്ത തീരുമാനങ്ങള്‍ ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന കാര്യം വിലയിരുത്താന്‍ പോകുന്നത് ചരിത്രമായിരിക്കും. അതിനാല്‍ ഈ തീരുമാനങ്ങളെ കുറിച്ച് വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടേണ്ട സമയമല്ല ഇത്. നമ്മള്‍ ശത്രുവിനെ തോല്‍പ്പിക്കുവാനുള്ള പോരാട്ടത്തിലേക്ക് കടന്നു കഴിഞ്ഞു. വ്യവസ്ഥിതിയില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് ഒറ്റക്കെട്ടായി മുന്നോട്ട് പോവുക.
സൈന്യത്തില്‍ ശത്രുവുമായി ആദ്യത്തെ തവണ കണ്ടു മുട്ടുന്നതിന് അപ്പുറത്തേക്ക് നിലനില്‍പ്പില്ല ഒരു ആസൂത്രണ പ്രവര്‍ത്തനത്തിനും എന്ന് ഞങ്ങള്‍ പലപ്പോഴും പറയാറുണ്ട്. വെടിയുണ്ടകള്‍ ചീറിപാഞ്ഞു വരാന്‍ തുടങ്ങി കഴിഞ്ഞാല്‍ സാഹചര്യങ്ങള്‍ മാറുന്നു. പോരാട്ടത്തിന്‍റെ നടുവില്‍ പെട്ടിരിക്കുന്ന ഭടന്മാര്‍ക്ക് അതിവേഗം മാറികൊണ്ടിരിക്കുന്ന സാഹചര്യങ്ങളുമായി ഇണങ്ങി ചേരേണ്ടതുണ്ട്. പോരാട്ടത്തിൽ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന ഭടന്മാര്‍ യഥാര്‍ത്ഥ ആസൂത്രണത്തില്‍ നിന്നും വ്യത്യസ്‌തമായ സമീപനങ്ങള്‍ ഒരു പക്ഷെ എടുത്തേക്കാമെങ്കിലും മൊത്തത്തിലുള്ള ലക്ഷ്യമെന്നത് തുടക്കത്തില്‍ തന്നെ കണ്ടുവെച്ചതായിരിക്കും. അതു മാറുകയുമില്ല.
കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്ന പൗരന്മാരായ നമ്മള്‍ അപ്രതീക്ഷിതമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കും. അതിനോടെല്ലാം ഇണങ്ങി ചേര്‍ന്നുകൊണ്ട് തുടക്കത്തില്‍ നമ്മള്‍ ആസൂത്രണം ചെയ്തതില്‍ നിന്നും വ്യത്യസ്തമായ പുതിയ തന്ത്രങ്ങള്‍ നമുക്ക് സ്വീകരിക്കേണ്ടി വന്നേക്കാം. പക്ഷെ അപ്പോഴും നമ്മുടെ ലക്ഷ്യം കൊറോണ വൈറസ് പടരുന്നത് തടുക്കുക എന്നുള്ളതാണെന്ന് നമ്മള്‍ മറക്കാന്‍ പാടില്ല. ഈ ഒരൊറ്റ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് വേണം നമ്മുടെ നടപടികള്‍ എല്ലാം മുന്നോട്ട് പോകേണ്ടത്. സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണയുണ്ട് എന്ന കാര്യം പ്രസക്തമാണ്. രാജ്യവും പൗരന്‍മാരും തമ്മില്‍ പരസ്പര പൂരിതമായ ഒരു ഉടമ്പടി ഉണ്ട്. അലിഖിതമായ ഉഭയസമ്മതമാണ് അത്. വ്യക്തിപരമായ വിട്ടുവീഴ്‌ചകള്‍ ചെയ്യുവാന്‍ തയ്യാറാകണമെന്ന് ഒരു സൈനികനോട് ആഹ്വാനം ചെയ്യുമ്പോള്‍അവനും അവന്‍റെ കുടുംബങ്ങള്‍ക്കും ആവശ്യമായ സുരക്ഷയും നഷ്ടപരിഹാരങ്ങളും നല്‍കുവാന്‍ രാഷ്ട്രവും ബാധ്യസ്ഥമാണ്.
കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തില്‍ നമ്മളോട് വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. അപ്പോള്‍ അതിനു പകരമായി നമ്മുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുവാന്‍ ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യേണ്ടതുണ്ട്. ഭക്ഷ്യ വസ്‌തുക്കള്‍, മരുന്നുകള്‍, രോഗികള്‍ക്കും പ്രായമായവര്‍ക്കും ആരോഗ്യ സേവനങ്ങള്‍, അവശ്യസേവനങ്ങള്‍ എന്നിവ ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തല്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ദീര്‍ഘകാലം അടച്ചിടുന്നതിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ തന്നെ കണ്ടു കഴിഞ്ഞു. ദിവസകൂലിക്കാരായ ആളുകളാണ് ഏറ്റവും വ്യക്തമായി ബുദ്ധിമുട്ടുന്നവര്‍ എങ്കില്‍ ഓരോ ബിസിനസ് മേഖലയെയും ബാധിക്കപ്പെടുന്നതിനാല്‍ തൊഴിലില്ലായ്‌മയും കുതിച്ചുയരും.
2008-ലെ “മഹത്തായ മാന്ദ്യ”ത്തിന്‍റെ കാലത്ത് ഉണ്ടായ സാമ്പത്തിക തകര്‍ച്ചയോളം തന്നെ മോശപ്പെട്ട രീതിയില്‍ ഒരു ആഗോള മാന്ദ്യം അന്താരാഷ്ട്ര നാണയ നിധി പ്രതീക്ഷിക്കുന്നുണ്ട്. പാവങ്ങള്‍ക്കും പ്രായമായവര്‍ക്കും മേല്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ മറികടക്കുന്നതിനും ബിസിനസുകള്‍ സംരക്ഷിക്കുന്നതിനും ഒരുപോലെ സഹായകരമാവുന്ന സാമ്പത്തിക ഉത്തേജക പദ്ധതികള്‍ ഉടനടി പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍വ്വ സജ്ജമായ ഒരു സൈന്യം ഒരു രാജ്യത്തിന് ഉണ്ടാകാം. പക്ഷെ സൈനികര്‍ തങ്ങളുടെ ജീവന്‍ ത്യജിക്കാന്‍ തയ്യാറാകാതെ വന്നാല്‍ ഒരു യുദ്ധവും വിജയിക്കില്ല. ഇന്നിപ്പോള്‍ അതിലും കൂടുതല്‍ കാര്യങ്ങള്‍ അപകടത്തിലാണ്. നമ്മുടെ ജീവനുകള്‍ മാത്രമല്ല, ജീവിത ശൈലികള്‍ തന്നെ അപകടത്തിലാണ്. പൗരന്മാര്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാക്കണമെന്നല്ല അതിനനര്‍ഥം. മറിച്ച്, ഈ യുദ്ധത്തില്‍ നമുക്ക് വിജയം വരിക്കണമെന്നുണ്ടെങ്കില്‍ ഒരളവ് വരെ വിട്ടു വീഴ്ചകള്‍ നമ്മള്‍ ചെയ്യേണ്ടിയിരിക്കുന്നു എന്നാണ്. “നിങ്ങള്‍ ഇന്ന് എന്താണോ അതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ ഭാവി'' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ നമുക്ക് ഇവിടെ ഓര്‍ക്കാം.