ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഷഹജാന്‍പൂറില്‍ വീടിന്‍റെ ചുമരിടിഞ്ഞ് വീണ് സ്‌ത്രീയും നാല് കുട്ടികളും മരിച്ചു. വാജിദ് ഖേല്‍ പ്രദേശത്തെ വീട്ടില്‍ ഉറങ്ങുകയായിരുന്ന ശബ്‌നം(42) മക്കളായ റൂബി(20), ഷഹ്‌ബാസ്(5), ചാന്ദ്‌നി (3), സാഹിബ് (8) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. മറ്റൊരു മകനായ സാഹിലിനെ(15) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുടുംബത്തിന് നാല് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സമാനമായി വ്യാഴാഴ്‌ച രാത്രി മുംബൈയില്‍ 80 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്ന് ആറ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. മണ്‍സൂണ്‍ കാലമായതോടെ ഇതിന് മുന്‍പും മുംബൈയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു. ജിപിഒക്ക് സമീപം ഫോര്‍ട്ടിലെ അഞ്ച് നിലയുള്ള ബാനുശാലി കെട്ടിടവും നേരത്തെ തകര്‍ന്നിരുന്നു. മാല്‍വാനിയിലെ കലക്‌ടര്‍ കെട്ടിടത്തിന് സമീപം മൂന്ന് നില കെട്ടിടവും അടുത്തുള്ള രണ്ട് നില കെട്ടിടത്തിന് മേലേക്ക് പതിച്ചിരുന്നു.