അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച കോണ്‍ഗ്രസ് എംഎല്‍എയുമായി അദ്ദേഹം കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായാണ് നടപടി. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അദ്ദേഹം എല്ലാ മീറ്റിങ്ങുകളിലും പങ്കെടുക്കും.
ബുധനാഴ്ച കോവിഡ് 19 പരിശോധനയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. നിലവില്‍ മുഖ്യമന്ത്രിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ല. അടുത്ത ഒരാഴ്ചത്തേക്ക് മുഖ്യമന്ത്രിയുടെ വസതിയില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. രൂപാണി അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് എംഎല്‍എയായ ഇമ്രാന്‍ ഖെദവാലക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി വിജയ് രൂപാണിയെ കൂടാതെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ, നിരവധി മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുമായും കോണ്‍ഗ്രസ് എംഎല്‍എ അടുത്തിടപഴകിയിട്ടുണ്ട്.