ഡെറാഡൂൺ: ഇന്തോ- നേപ്പാൾ അതിർത്തിയിലെ ചമ്പാവത്ത് ജില്ലയിൽ ഭൂമി കയ്യേറാൻ ചെയ്യാൻ ശ്രമിച്ച നേപ്പാൾ പൗരന്മാരെ സശസ്ത്ര സീമ ബെൽ (എസ്എസ്ബി) തടഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് പില്ലർ 811 നമ്പറിനടുത്തുള്ള സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു ഇവർ. ഭൂമി കയ്യേറ്റത്തിന് ശ്രമിച്ചവരിൽ ചിലർ മദ്യപിച്ചിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി. സായുധ പൊലീസ് സേനയിലെ അംഗങ്ങളും സ്ഥലത്തെത്തി ബാരിക്കേഡ് സ്ഥാപിക്കുന്നതിൽ നിന്ന് ഇവരെ തടഞ്ഞു. ആദ്യം വിമുഖത കാണിച്ചെങ്കിലും ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് ശേഷം, എസ്എസ്ബി, ഐപിഎഫ് സേനകൾക്ക് നേപ്പാളി പൗരന്മാരെ ബാരിക്കേഡ് സ്ഥാപിക്കുന്നതിൽ നിന്ന് തടയാൻ കഴിഞ്ഞു.
വിഷയം വിശദമായി ചർച്ച ചെയ്യുന്നതിനായി എസ്എസ്ബിയും ഐപിഎഫും വ്യാഴാഴ്ച യോഗം ചേരും. പില്ലർ 811 ന് സമീപമുള്ള പ്രദേശം തർക്കവിഷയമായ സ്ഥലമാണ്. ഇന്ത്യയും നേപ്പാളും അതിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച കടുത്ത തർക്കങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. 'നോ മാൻസ് ലാന്‍റ്' എന്ന് പ്രഖ്യാപിച്ച പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങളോ മറ്റ് അനുബന്ധ പ്രവർത്തനങ്ങളോ അനുവദനീയമല്ല.
നേരത്തെ നേപ്പാളിലെ എഫ്എം റേഡിയോ ചാനലുകൾ ഇന്ത്യാ വിരുദ്ധ ഗാനങ്ങൾ ആലപിക്കുകയും അതിർത്തി പ്രദേശങ്ങളിലുള്ള നേപ്പാളിന്‍റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനായി പ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇവരുടെ റേഡിയോ സ്റ്റേഷനുകൾ കലാപാനി, ലിപുലെഖ്, ലിംപിയാദുര എന്നിവയെക്കുറിച്ചുള്ള കാലാവസ്ഥാ റിപ്പോർട്ടുകൾ നൽകിയിരുന്നു. അവയെ നേപ്പാൾ സ്വന്തം പ്രദേശമായാണ് കണക്കാക്കുന്നത്. ഇത്തരം തന്ത്രപ്രധാനമായ പ്രശ്നങ്ങൾ നേരിടാൻ കമ്മ്യൂണിറ്റി റേഡിയോ സ്ഥാപിക്കുന്നതിൽ ജില്ലാ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
രണ്ട് ദിവസം മുമ്പ്, ബിഹാറിലെ കിഷങ്കഞ്ച് ജില്ലയിലെ ഇന്തോ- നേപ്പാൾ അതിർത്തിയിലെ 'നോ മാൻസ് ലാന്‍റിൽ' നേപ്പാൾ സായുധ പൊലീസ് സേന (എൻഎപിഎഫ്) നടത്തിയ വെടിവയ്പിൽ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റിരുന്നു. ഉത്തരാഖണ്ഡിലെ കലാപാനി, ലിംപിയാദുര, ലിപുലെഖ് എന്നിവിടങ്ങളിലെ ഭൂമി അവകാശപ്പെടുന്ന പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കിയതിന് ശേഷം നേപ്പാളും ഇന്ത്യയും തമ്മിൽ തർക്കത്തിലാണ്. ഈ നീക്കത്തെ ഇന്ത്യ ശക്തമായി എതിർത്തിരുന്നു.