ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ പുതുതായി കണ്ടെത്തിയ കുരങ്ങൻ ഇനത്തിൽ പെട്ട ഫോസിലിന് 13 ദശലക്ഷം വർഷം പഴക്കം. അന്താരാഷ്ട്ര ഗവേഷക സംഘമാണ് ഫോസിൽ കണ്ടെത്തിയത്. കുരങ്ങു വർഗ്ഗത്തിൽപ്പെട്ടവരുടെ പൂർവികരുടെ ഫോസിലാണ് കണ്ടെത്തിയത്. ആധുനിക ഗിബ്ബണിന്‍റെ പൂർവ്വികരാണെന്ന് പറയപ്പെടുന്നു.
യുഎസിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും ചണ്ഡിഗഡിലെ പനാജ് യൂണിവേഴ്സിറ്റിയിലേയും ഗവേഷകരാണ് ഫോസിൽ പ്രൈമേറ്റ് താടിയെല്ല് കണ്ടെത്തിയത്.
“ഇത് ഒരു പ്രൈമേറ്റ് പല്ലാണെന്ന് ഞങ്ങൾക്ക് പെട്ടെന്ന് മനസിലായി പക്ഷേ ഇത് മുമ്പ് ഈ പ്രദേശത്ത് കണ്ടെത്തിയ ഏതെങ്കിലും പ്രൈമേറ്റുകളുടെ പല്ലുമായി സാമ്യം ഇല്ലായിരുന്നുവെന്ന്,” യുഎസിലെ സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ ക്രിസ്റ്റഫർ സി ഗിൽബെർട്ട് പറഞ്ഞു.
13 ദശലക്ഷം വർഷത്തോളം പഴക്കമുള്ള ഫോസിലിന്‍റെ പ്രായം അറിയപ്പെടുന്ന വലിയ കുരങ്ങൻ ഫോസിലുകളുമായി സമകാലീനമാണെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
ഒറാങ്ഉട്ടാൻ പൂർവ്വികർ ഉൾപ്പെടെയുള്ള വലിയ കുരങ്ങുകളുടെയും ആഫ്രിക്കയിൽ നിന്ന് ഏഷ്യയിലേയ്ക്കുള്ള കുരങ്ങുകളുടെയും കുടിയേറ്റം ഒരേ സമയത്തും ഒരേ സ്ഥലങ്ങളിലൂടെയുമാണ് നടന്നത് എന്നതിന് ഇത് തെളിവുകൾ നൽകുന്നു.