ലഖ്‌നൗ: യുപി നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ് 2020 ഗവർണർ ആനന്ദിബെൻ പട്ടേൽ പാസാക്കി. “ലവ് ജിഹാദ്” അനുബന്ധ കുറ്റങ്ങൾക്ക് 10 വർഷം വരെ പരമാവധി ശിക്ഷ നിർദേശിച്ച് യോഗി ആദിത്യനാഥ് മന്ത്രിസഭ നവംബർ 24ന് ഓർഡിനൻസ് അംഗീകരിച്ചതിനെത്തുടർന്നാണ് നടപടി.
പുതിയ നിയമം പ്രകാരം പ്രതികൾക്ക് ഒന്ന് മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. വിവാഹത്തിനായി നിർബന്ധിത മതപരിവർത്തനം 25,000 രൂപ പിഴയോടെ 3-10 വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്.
നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് ഏർപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചതായി ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് അറിയിച്ചിരുന്നു. വഞ്ചനാപരമായ മാർഗങ്ങളിലൂടെ നിയമവിരുദ്ധമായ മതപരിവർത്തനം നടന്ന നൂറിലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.