ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ സ്കൂള്‍ ക്ലര്‍ക്കിന്‍റെ വീട്ടില്‍ വെച്ച് നടത്തി. ഡിയോറിയ ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് പരീക്ഷാ തട്ടിപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ നിന്ന് ഏതാനും മീറ്റർ അകലെയുള്ള ക്ലര്‍ക്കിന്‍റെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡില്‍ നിരവധി സ്റ്റാമ്പ് ഉത്തരക്കടലാസുകളും കണ്ടെത്തിയിട്ടുണ്ട്. ക്ലര്‍ക്കിന്‍റെ വീട്ടില്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ പണം നല്‍കിയിരുന്നു. ടെസ്റ്റ് പേപ്പറുകൾക്ക് പണം നൽകിയെന്ന് ആരോപിക്കപ്പെടുന്ന രണ്ട് വിദ്യാർഥികളെയും പൊലീസ് തിരിച്ചറിഞ്ഞു.
56 ലക്ഷം കുട്ടികളാണ് യുപി ബോർഡിന്‍റെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്നത്. സംഭവത്തെ തുടര്‍ന്ന് യുപി സര്‍ക്കാര്‍ മോണിറ്ററിങ് യൂണിറ്റ് സ്ഥാപിക്കുകയും പരീക്ഷാകേന്ദ്രങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ് സെക്കൻഡറി എജ്യുക്കേഷൻ ബോർഡ് (യുപിഎസ്ഇബി) 938 പരീക്ഷാ കേന്ദ്രങ്ങളെ "സെൻസിറ്റീവ്" എന്നും 395 കേന്ദ്രങ്ങളെ "ഹൈപ്പർ സെൻസിറ്റീവ്" എന്നും തരംതിരിച്ചിട്ടുണ്ട്. പരാതികളും ചോദ്യങ്ങളും ഉടനടി പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി കൺട്രോൾ റൂമിനുള്ള ഹെൽപ്പ്ലൈൻ നമ്പറുകൾ, ഇ-മെയിൽ ഐഡി, ടോൾ ഫ്രീ നമ്പറുകൾ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.