ലക്‌നൗ: ജെവർ വിമാനത്താവളത്തിന്‍റെ നിർമാണത്തിനായി ഉത്തർപ്രദേശിൽ ഏഴായിരത്തോളം മരങ്ങൾ മുറിച്ചു മാറ്റാനൊരുങ്ങുന്നു. വിമാനത്താവള നിർമാണത്തിന്‍റെ പരിസ്ഥിതി അനുമതിക്കായി അപേക്ഷ നൽകിയിരുന്നു. 6,800 മരങ്ങൾ മുറിക്കുന്നതിനായുള്ള അനുമതി വനംവകുപ്പ് നൽകിയിട്ടുണ്ട്. പകരം 6,800 മരങ്ങൾ നടാനായുള്ള പണം നൽകുമെന്ന് യമുന എക്‌സ്‌പ്രസ് വേ വ്യവസായ വികസന അതോറിറ്റി സിഇഒ അരുൺവീർ സിങ് പറഞ്ഞു.
വിമാനത്താവള നിര്‍മാണത്തിന് അനുമതി നേടിയത് സ്വിറ്റ്സർലൻഡ് ആസ്ഥാനമായ കമ്പനിയാണെന്ന് പദ്ധതിയുടെ നോഡൽ ഉദ്യോഗസ്ഥൻ ശൈലേന്ദ്ര ഭാട്ടിയ പറഞ്ഞു. ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, അദാനി എന്‍റർപ്രൈസസ്, ആങ്കറേജ് ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്‍റ് ഹോൾഡിങ്‌സ് ലിമിറ്റഡ് തുടങ്ങിയവരെ മറികടന്നാണ് സ്വിറ്റ്സര്‍ലന്‍ഡ് കമ്പനി കരാര്‍ നേടിയത്. 5,000 ഹെക്‌ടർ സ്ഥലത്ത് നിർമിക്കുന്ന ജെവർ വിമാനത്താവളത്തിന് 29,560 കോടി രൂപ ചിലവ് വരുമെന്നും ഭാട്ടിയ കൂട്ടിച്ചേർത്തു. വിമാനത്താവളത്തിന്‍റെ ആദ്യത്തെ നിർമാണഘട്ടം 1,334 ഹെക്‌ടർ സ്ഥലത്ത് നടത്തും. 4,588 കോടി രൂപയാണ് ആദ്യഘട്ടത്തിന്‍റെ ചിലവ്. രണ്ടായിരത്തി ഇരുപത്തിമൂന്നോടെ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.