ഒഡിഷയിൽ ആഞ്ഞടിച്ച ഫാനി ചുഴലിക്കാറ്റിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ യഥാസമയം അധികൃതർക്ക് നൽകിയതിന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് യുഎൻ ദുരന്ത നിവാരണ സംഘത്തിന്‍റെ പ്രശംസ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകൾ ലഭിച്ചതിനാൽ അധികൃതർക്ക് പ്രശ്നബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും സാധിച്ചു. പ്രകൃതി ദുരന്തങ്ങളിൽ ഇന്ത്യ സ്വീകരിച്ചിട്ടുള്ള നടപടികൾ പ്രശംസനീയമാണെന്ന് യുഎൻ ഓഫീസ് ഫോർ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ സെക്രട്ടറി ജനറൽ മാമി മിസുട്ടോരി പറഞ്ഞു.
ഇന്ത്യയിൽ കഴിഞ്ഞ 20 വർഷത്തിനിടെയുണ്ടായ ശക്തമായ ചുഴലിക്കാറ്റാണ് ഫാനി. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് 175 കിലോമീറ്റർ വേഗതയില്‍ ഒഡിഷയിൽ ഫാനി ആഞ്ഞടിച്ചത്. എട്ട് പേര്‍ മരിച്ചു. 11 ലക്ഷത്തോളം പേരെയാണ് മാറ്റി പാർപ്പിച്ചത്. അതേസമയം ഫാനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലേക്ക് കടന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 90 കിലോമീറ്റർ വേഗതയിലാണ് ഇപ്പോള്‍ കാറ്റ് വീശുന്നത്. വരും മണിക്കൂറുകളിൽ കാറ്റിന്‍റെ തീവ്രത ഇനിയും കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.