ന്യൂഡല്‍ഹി: യു.എ.ഇ.യുടെ പരമോന്നത പുരസ്‌കാരമായ 'ഓര്‍ഡല്‍ ഓഫ് സായിദ്' ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ കിരീടവകാശിയും സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സമ്മാനിച്ചു.
കശ്‌മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി മുസ്ലിം രാജ്യങ്ങളെ തങ്ങളുടെ ഒപ്പം നിര്‍ത്താന്‍ പാകിസ്ഥാന്‍ ശ്രമം നടത്തുന്നതിനിടെയാണ് യു.എ.ഇ പുരസ്‌കാരം സമ്മാനിക്കുന്നത്. യു.എ.ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ പേരിലുള്ള പുരസ്കാരം അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി വാര്‍ഷികത്തിലാണ് മോഡിക്ക് നല്‍കുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി കിരീടവകാശിയുമായി ഉഭയകക്ഷി ബന്ധം സംബന്ധിച്ച് ഫലപ്രദമായ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
'മോദി സഹോദര അങ്ങയുടെ രണ്ടാമത്തെ വീട്ടിലേക്ക് സ്വാഗതം' എന്നുപറഞ്ഞാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചത്. വിദേശ കാര്യമന്ത്രാലയ വക്താവ് രാജീവ് കുമാരാണ് ഇക്കാര്യം ട്വീറ്റിലൂടെ ലോകത്തെ അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വ്യവസായ - സാംസ്ക്കാരിക ബന്ധം മെച്ചപ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
രാവിലെ അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ റുപേ കാർഡിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ റുപേ കാര്‍ഡ് അനുവദിക്കുന്ന ആദ്യം രാഷ്ട്രമായി യു.എ.ഇ മാറി. വിവിധ സ്ഥാപനങ്ങള്‍ റൂപേ പെയ്മെന്‍റ് സിസ്റ്റം അംഗീകരിച്ചതായും വിദേശകാര്യ വക്താവ് അറിയിച്ചു. 2015ല്‍ നടന്ന സന്ദര്‍ശനത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിരുന്നു. 2016-2017 വര്‍ഷങ്ങളിലെ ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ യു.എ.ഇ ഭരണാധികാരിയായിരുന്നു മുഖ്യ അതിഥി. ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി വെള്ളിയാഴ്ച്ചയാണ് അബുദാബിയില്‍ എത്തിയത്. ഇന്ന് അദ്ദേഹം ബഹറൈനിലേക്ക് തിരിക്കും. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കാനൊരുങ്ങുന്നത്.