ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന പ്രജാ ഫ്രണ്ട് (ടിപിഎഫ്) ജനറൽ സെക്രട്ടറി എം രമേശിനെയും ചൈതന്യ മഹിള സംഘം ജനറൽ സെക്രട്ടറി സി ശിൽപയെയും ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും മാവോയിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പട്ട പുസ്തകങ്ങളും ഇലക്ട്രോണിക് ഡാറ്റയും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. മാവോയിസ്റ്റ് പ്രസ്ഥാനവുമായി ഇരുവർക്കും ബന്ധമുണ്ടെന്നും ഉന്നത കേഡറുടെ നിർദേശപ്രകാരം രഹസ്യമായി പ്രവർത്തിക്കുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.
മാവോയിസ്റ്റ് ബന്ധത്തിൽ ഉസ്മാനിയ സർവകലാശാലയിലെ ഒരു അസിസ്റ്റന്റ് പ്രൊഫസറെ ഒക്ടോബർ 10 ന് ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം തുടരുന്നതിനിടെ, ഒക്ടോബർ 15 ന് മാതെലങ്കാന വിദ്യാർഥി വേദിക പ്രസിഡന്‍റ് ബി മഡിലേട്ടി ഉൾപ്പെടെ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.