ഹൈദരാബാദ്: പണിമുടക്ക് തുടരുമെന്ന് ടിഎസ്ആര്‍ടിസി. നവംബര്‍ അഞ്ചിനകം തൊഴിലാളികള്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്‍റെ ആഹ്വാനം ബഹിഷ്കരിക്കുന്നെന്ന് ടിഎസ്ആര്‍ടിസി ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്‍റ് അശ്വതാമ റെഡ്ഡി പറഞ്ഞു. എല്ലാ ആര്‍ടിസി ഡിപ്പോകള്‍ക്ക് മുന്നിലും പ്രതിഷേധിക്കുമെന്നും റെഡ്ഡി പറഞ്ഞു.
സ്വച്ഛാധിപതിയെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും ജീവനക്കാര്‍ നിരുപാധികമായി സേവനങ്ങളില്‍ ചേരണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും എംപ്ലോയീസ് യൂണിയന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി മുഹമ്മദ് അഹമ്മദ് അലി പറഞ്ഞു. സര്‍ക്കാരുമായി ഒരു കരാറുണ്ടാക്കാതെ തൊഴിലാളികള്‍ സേവനത്തിലേക്ക് മടങ്ങി പോവില്ലെന്നും അഹമ്മദ് അലി പറഞ്ഞു. നവംബര്‍ അഞ്ചിന് മുമ്പ് ജോലിയില്‍ പ്രവേശിക്കാത്ത തൊഴിലാളികളെ പിരിച്ചു വിടുമെന്ന് തെലങ്കാന മുഖ്യമന്ത്രി തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു. ഒരു മാസത്തോളമായി ടിഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് തുടരുകയാണ്.
കോര്‍പ്പറേഷനെ സര്‍ക്കാരുമായി ലയിപ്പിക്കണമെന്നും വേതനം പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ടിഎസ്ആര്‍ടിസിയുടെ ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി ഒക്ടോബര്‍ അഞ്ച് മുതലാണ് പണിമുടക്ക് ആരംഭിച്ചത്. നാല്‍പ്പതിനായിരത്തില്‍ അധികം ജീവനക്കാരെ സര്‍ക്കാര്‍ പിരിച്ചു വിട്ടിരുന്നു. ജോലി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് ജീവനക്കാര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.