അഗർത്തല: വടക്കൻ ത്രിപുരയിൽ ദേശീയപാത ഉപരോധിച്ച സംഭവത്തിൽ മജിസ്‌ട്രേറ്റുതല അന്വേഷണം പ്രഖ്യാപിച്ച് ത്രിപുര സർക്കാർ. ശനിയാഴ്‌ചയാണ് പാനിസാഗറിൽ അസം-അഗർത്തല ദേശീയപാത പ്രതിഷേധക്കാർ തടഞ്ഞത്. പൊലീസ് വെടിവെപ്പിൽ ഒരാൾ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. മിസോറാമിൽ നിന്ന് ബ്രൂ അഭയാർഥികളെ പുനരധിവസിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ഉപരോധം നടന്നത്.
കഴിഞ്ഞ ആറ് ദിവസമായി പ്രക്ഷോഭം തുടരുകയാണ്. മിസോറാമിൽ നിന്നും 5,000 പേരടങ്ങുന്ന 500 കുടുംബങ്ങളെ ത്രിപുരയിലെ കഞ്ചൻപൂരിൽ അധിവസിപ്പിക്കുമെന്നും ശേഷിക്കുന്നവരെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് മാറ്റുമെന്നാണ് ഭരണകൂടം ആദ്യം അറിയിച്ചത്. പിന്നീട് മുഴുവൻ അഭയാർഥികളെയും കഞ്ചൻപൂരിൽ പുനരധിവസിപ്പിക്കാൻ തീരുമാനമായതോടെയാണ് ഉപരോധത്തിലേക്ക് കടന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. അഭയാർഥികൾ മിസോറാമിലേക്ക് മടങ്ങണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.