ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് അവസാനമായി ബന്ധുക്കളെ കാണാന്‍ അനുവാദം നല്‍കികൊണ്ട് തിഹാര്‍ ജയില്‍ മേധാവി കത്ത് നല്‍കി. പ്രതികളായ മുകേഷും പവനും ബന്ധുക്കളുമായി കൂടിക്കാഴ്‌ച നടത്തിയതാണെന്നും എന്നാല്‍ അക്ഷയ്‌ക്കും വിനയ്ക്കും എപ്പോള്‍ ബന്ധുക്കളെ കാണണമെന്നുള്ളത് അറിക്കാമെന്നും തിഹാര്‍ ജയില്‍ അധികൃതര്‍ നിര്‍ദേശിച്ചു.
സാധാരണ ജയിലിലെ അന്തേവാസികളും ബന്ധുക്കളും തമ്മില്‍ ജനലിലൂടെയാണ് കൂടിക്കാഴ്‌ച നടത്തുന്നത്. എന്നാല്‍ നിര്‍ഭയ കേസിലെ പ്രതികളായ മുകേഷിനും പവനും ബന്ധുക്കളെ നേരില്‍ കാണാന്‍ അവസരമൊരുക്കിയെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
മാര്‍ച്ച് മൂന്നിനാണ് പ്രതികളെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരിക്കുന്നത്. ആരാച്ചാരെ നേരത്തെ എത്തിക്കണമെന്ന് കാണിച്ച് ഉത്തര്‍ പ്രദേശ് ഭരണകൂടത്തിന് കത്ത് നല്‍കിയതായും തിഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.
പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ കടുത്ത മനസീക സമ്മര്‍ദം അനുഭവിക്കുന്നുണ്ടെന്നും ഫെബ്രവരി 16ന് ഇയാള്‍ സ്വയം പരിക്കേല്‍പ്പിക്കാന്‍ ശ്രമം നടത്തിയെന്നും ഇയാളുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഇയാളുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.