ന്യൂഡല്‍ഹി: വാക്കേറ്റത്തെത്തുടര്‍ന്ന് 35കാരനെ കൊലപ്പെടുത്തി അഴുക്കു ചാലില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കഴുത്ത് ഞെരിച്ച് കൊന്നതിന് ശേഷമാണ് ഇയാളെ അഴുക്കു ചാലില്‍ തള്ളിയത്. ആനന്ദ് വിഹാര്‍ പൊലീസ് പ്രതികളെ പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തു.
35 കാരനായ മനോജ് എന്നയാളെയാണ് കൊലപ്പെടുത്തിയത്. മൃതദേഹം പൊലീസ് കണ്ടെടുത്തു. ആനന്ദ് വിഹാറിലെ ജെജെ ക്യാമ്പില്‍ താമസിക്കുന്നവരാണ് അറസ്റ്റിലായത്. ബബ്‌ലു കുമാര്‍(26), രാജൻ (22), ബൈജുവ് (41) എന്നിവരാണ് പ്രതികള്‍. വ്യക്തിപരമായ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.
വെള്ളിയാഴ്ച രാജനുമൊത്ത് മനോജിന്‍റെ വീട്ടിലിരുന്ന് മദ്യപിക്കുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് ബബ്‌ലുവും ബൈജുവും മനോജിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും അഴുക്കു ചാലില്‍ തള്ളുകയുമായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. മരിച്ച മനോജിന്‍റെ ഐഡി കാര്‍ഡും 400 രൂപയും മൃതദേഹത്തില്‍ നിന്ന് കണ്ടെത്തി.