റായ്‌പൂർ : ഒരു രാജ്യത്തിന്‍റെ ഭാവി അവിടുത്തെ പുതിയ തലമുറയെയും യുവ രാഷ്ട്രീയക്കാരെയും ആശ്രയിച്ചിരിക്കുന്നു. സർക്കാരിന്‍റെ നയങ്ങളെയും തീരുമാനങ്ങളെയും പുറത്തു നിന്നു കൊണ്ട് വിമർശിക്കുകയല്ല രാഷ്‌ട്രീയത്തിലേക്കിറങ്ങി അവകാശങ്ങൾക്കായി പോരാടുകയാണ് വേണ്ടതെന്ന് പറയാതെ പറയുകയാണ് മാൻസി എന്ന യുവതി. ഗൂഗിളിൽ നിന്നും ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിച്ചെല്ലുന്നതിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നാണ് മാൻസിയുടെ പ്രതീക്ഷ. അങ്ങനെ മാൻസി തന്‍റെ രാഷ്ട്രീയ ഭാവി തുടങ്ങുകയാണ്. കോർബയിലെ മുനിസിപ്പൽ കോർപ്പറേഷന്‍റെ വാർഡ് നമ്പർ 50 ൽ ഇത്തവണ ആം ആദ്‌മി പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നത് മാൻസിയാണ്. ജന്മ നാടായ കോർബയിൽ ഒരു എൻജിഒ കൂടി നടത്തി വരുന്നുണ്ട് ഈ യുവതി.
റോഡുകൾ, ശരിയായ ഡ്രെയിനേജ് സംവിധാനം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇന്ത്യയിലെ പല ഗ്രാമങ്ങളിലും ഈ 21-ാം നൂറ്റാണ്ടിൽ പോലും ഉള്ള വലിയ പ്രശ്‌നം. സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും ഈ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കേണ്ടതുണ്ടെന്നും അവർ പറയുന്നു. ഗൂഗിളിൽ ജോലി ചെയ്‌തിരുന്ന തനിക്ക് ലക്ഷങ്ങളാണ് ശമ്പളം. ഓരോ മാസവും ലക്ഷക്കണക്കിന് രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. പക്ഷേ ഇതു കൊണ്ടൊന്നും സന്തുഷ്‌ടയല്ലെന്നും സമൂഹത്തിനും രാജ്യത്തിനും വേണ്ടി കൂടുതൽ എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹമെന്നും മാൻസി പറയുന്നു. ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുമായുള്ള മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു നേതാവാകാനോ മറ്റ് നേതാക്കളുമായി മത്സരിക്കാനോ രാഷ്ട്രീയത്തിൽ ചേരാൻ ആഗ്രഹിക്കുന്നില്ലെന്നും ഒരു മാറ്റം കൊണ്ടുവരാൻ മാത്രമേ ആഗ്രഹമുള്ളൂവെന്നും മാൻസി പറഞ്ഞു.
താൻ മത്സരിക്കുന്ന നിയോജകമണ്ഡലം എൻടിപിസിയുടെ പാർപ്പിട മേഖലയാണ്. ഇവിടെ വോട്ടവകാശം വിനിയോഗിക്കാത്ത ആളുകളാണ് ഭൂരിപക്ഷം. എല്ലാവരും വോട്ട് രേഖപ്പെടുത്തണം. അല്ലെങ്കിൽ വിജയത്തിന് അർഹതയില്ലാത്തവരും രാജ്യത്തിന് ഹാനികരവുമായ നേതാക്കൾ വിജയിക്കുമെന്നും മാൻസി ഇടിവി ഭാരതോട് പറഞ്ഞു.