ന്യൂഡല്‍ഹി: കശ്മീർ വിഭജന ബിൽ രാജ്യസഭയിൽ പാസായി. ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ട് ചെയ്തു. 61 പേർ എതിർത്തു. ജമ്മുകശ്മീർ സാമ്പത്തിക സംവരണ ബില്ലും രാജ്യസഭ പാസാക്കി. ജമ്മു കശ്മീരും ലഡാക്കും ഇനി കേന്ദ്രഭരണ പ്രദേശങ്ങളാവും. ജമ്മു കശ്മീരിനുണ്ടായിരുന്ന സംസ്ഥാന പദവി ഇതോടെ ഇല്ലാതായി. കേന്ദ്ര ഭരണ പദവി ജമ്മു കശ്മീരിന് സ്ഥിരമല്ല, താല്‍ക്കാലികമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ലിന്‍റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ജമ്മു കശ്മീര്‍ സാധാരണ നില കൈവരിക്കുന്ന സ്ഥിതിയെത്തിയാല്‍ സംസ്ഥാന പദവി തിരികെ നല്‍കും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, ജോലി എന്നിവയിൽ സംവരണം നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്ല്. കശ്മീരിൽ അഴിമതിയും ദാരിദ്ര്യവും നിലനിൽക്കാൻ കാരണം പ്രത്യേക പദവിയാണെന്ന് അമിത് ഷാ പറഞ്ഞു. കശ്മീരിലെ ചോരക്കളി ഇതോടെ അവസാനിക്കുമെന്നും കശ്മീരിലെ ജനാധിപത്യത്തെ പ്രത്യേക പദവി നശിപ്പിച്ചുവെന്നും അമിത്ഷാ പറഞ്ഞു.