ഭോപ്പാൽ: വിദ്യാഭ്യാസം പൂർത്തിയാക്കാൻ പ്രായം തടസ്സമല്ല എന്ന് തെളിയിച്ച് 12-ാം ക്ലാസ് പരീക്ഷ എഴുതാൻ മകൾക്കൊപ്പം അച്ഛനും. മധ്യപ്രദേശ് സ്വദേശി ബാൽ കിഷൻ ഷെയ്നിയാണ് മകൾ തന്യയ്ക്കൊപ്പം പരീക്ഷ എഴുതുന്നത്. മാർച്ച് ഒന്നിനു നടന്ന ഹയർ സെക്കൻഡറി പരീക്ഷയിൽ മകൾക്കൊപ്പം ബാൽ കിഷൻ ഷെയ്നിയും ഹാജരായി. 2019ൽ ഫസ്റ്റ് ക്ലാസോടുകൂടി പത്താം ക്ലാസ് വിജയിച്ച, 43 വയസ്സുകാരനായ ബാൽ കിഷൻ ഷെയ്നി ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാരനാണ്. അവധി എടുത്താണ് പരീക്ഷ എഴുതാനായി അദ്ദേഹം എത്തിയത്.
കുടുംബാവസ്ഥയും സാമ്പത്തിക സ്ഥിതിയും കാരണം തനിക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ലെന്നും അച്ഛന്‍റെ മരണശേഷമാണ് വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിയതെന്നും എട്ടാം ക്ലാസ് പരീക്ഷയിൽ വിജയിച്ചതോടെ ബാങ്കിൽ ജോലി ലഭിച്ചെന്നും ബാൽ കിഷൻ ഷെയ്നി പറഞ്ഞു. മകളാണ് തന്നെ വീട്ടിൽ ഇരുത്തി പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അച്ഛനെ കുറിച്ച് തനിക്ക് അഭിമാനം തോന്നുന്നെന്നും തുടർന്ന് ബിരുദം പൂർത്തിയാക്കാൻ താൻ ആഗ്രഹിക്കുന്നതായും തന്യ പറഞ്ഞു.