ഹൈദരാബാദ്: രാജ്യ വ്യാപകമായി നിലനിൽക്കുന്ന ലോക്ക് ഡൗണിൽ ഏപ്രിൽ 20 ശേഷം ഇളവുകൾ വരുത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഞായറാഴ്ച തെലങ്കാനയിൽ മന്ത്രി സഭാ യോഗം ചേരും.
മെയ് മൂന്ന് വരെ നിയന്ത്രണങ്ങൾ തുടരണോ അതോ കേന്ദ്രം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ച് ഏപ്രിൽ 20ന് ശേഷം അയവുകൾ വരുത്തണോ എന്നതിൽ യോഗം തീരുമാനം എടുക്കും. കൊവിഡ് -19ന്‍റെ വ്യാപനം തടയാൻ എടുത്ത മാര്‍ഗങ്ങൾ, ലോക്ക് ഡൗണിന്‍റെ നടപ്പാക്കൽ എന്നിവ യോഗത്തിൽ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് -19 കേസുകളിലുണ്ടായ വർധനവ് കണക്കിലെടുത്ത് തെലങ്കാനയിൽ ലോക്ക് ഡൗൺ കര്‍ശനമായി നടപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതുവരെ 650 കൊവിഡ് -19 പോസിറ്റീവ് കേസുകളും 18 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 118 രോഗികൾ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു.
ദേശീയ ആരോഗ്യ മിഷൻ തെലങ്കാനയിലെ ഒമ്പത് ജില്ലകളെ കൊവിഡ് -19 ഹോട്ട്‌സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.