ഹൈദരാബാദ്: ഹൈദരാബാദില്‍ ഇളവുകള്‍ നല്‍കരുതെന്ന് മുഖ്യമന്ത്രിയോട് ആരോഗ്യവകുപ്പധികൃതര്‍. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് നാളെ നടത്താനിരിക്കുന്ന മന്ത്രിസഭാ തല യോഗത്തിന് മുന്നോടിയായാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശം. ഹൈദരാബാദ്, രംഗറെഡ്ഡി, മെഡ്‌ചാല്‍, വിക്രാബാദ് എന്നീ ജില്ലകളില്‍ ഇളവുകള്‍ നല്‍കരുതെന്നാണ് അധികൃതരുടെ നിര്‍ദേശമുള്ളത്. ഈ മേഖലകള്‍ കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌തതിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ഈ മേഖലകളില്‍ ലോക്ക് ഡൗണ്‍ കര്‍ക്കശമാക്കണമെന്നും വിശകലനയോഗത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി. മറ്റ് ജില്ലകളില്‍ കൊവിഡ് കേസുകള്‍ താരതമ്യേന കുറഞ്ഞുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.
മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും ആരോഗ്യ മന്ത്രി ഇ രാജേന്ദറും ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍, ഡിജിപി മഹേന്ദര്‍ റെഡ്ഡി, സ്പെഷ്യല്‍ ചീഫ് സെക്രട്ടറി ശാന്തി കുമാരി, കുടുംബ ക്ഷേമ കമ്മീഷണര്‍ ആയോഗിത റാണി എന്നിവരുമായി നടത്തിയ വിശകലന യോഗത്തിലാണ് നിര്‍ദേശമുണ്ടായത്.
സംസ്ഥാനത്ത് ഇതുവരെ 1085 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 585 പേര്‍ രോഗവിമുക്തി നേടി. 29 പേര്‍ മരിച്ചു. 471 പേരാണ് നിലവില്‍ ചികില്‍സയില്‍ തുടരുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ഈ ജില്ലകളില്‍ നിന്നാണ്. 1085 പേരില്‍ 717 പേരാണ് നാല് ജില്ലകളിലായി ചികില്‍സയിലുള്ളത്.