ഹൈദരാബാദ്: മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വസതിയിൽ നിന്നും 70 കോടിയുടെ അനധികൃത സ്വത്ത് പിടികൂടി. തെലങ്കാനയിലെ മാൽക്കജ് ഗിരി എസിപി യെൽമകുരി നരസിംഹ റെഡ്ഡിയുടെ വസതിയിലും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. റെഡ്ഡിക്കെതിരെ അഴിമതി വിരുദ്ധ വിഭാഗത്തിന് പരാതി ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത സ്വത്തുക്കളെല്ലാം റെഡ്ഡി അനധികൃതമായി സമ്പാദിച്ചതാണെന്ന് അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തി.
ഹൈദരാബാദ്, വാറങ്കൽ, ജാങ്കോൺ, നൽഗോണ്ട, കരീം നഗർ എന്നിവിടങ്ങളിലും ആന്ധ്രാ പ്രദേശിലെ അനന്ത്പൂർ ജില്ലയിലുമാണ് റെയ്ഡ് നടന്നത്. രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്നായി 15 ലക്ഷം രൂപയും റിയൽ എസ്റ്റേറ്റിൽ ഉൾപ്പെടെ നിക്ഷേപം നടത്തിയതിന്‍റെ രേഖകളും അനന്ത്പൂരിൽ നിന്നും 55 ഏക്കർ കൃഷിഭൂമിയും രണ്ടു വീടുകളും മറ്റിടങ്ങളിൽ നിന്നും ഭൂമി ഉൾപ്പെടെയുള്ള സ്വത്തുക്കളുമാണ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.