ഹൈദരാബാദ്: കൊവിഡ് -19 ലോക്ക് ഡൗൺ കാരണം ഹൈദരബാദിൽ കുടുങ്ങിയ 80 കുടിയേറ്റ തൊഴിലാളികളെ രണ്ട് ബസുകളിലായി ഉത്തർപ്രദേശിലേക്കും ഒഡിഷയിലേക്കും യാത്രയാക്കി കോൺഗ്രസ് നേതാക്കൾ. ദേശീയ ലോക്ക് ഡൗൺ കാലയളവിൽ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെ സഹായിക്കാൻ പാർട്ടി കേന്ദ്ര നേതൃത്വം നൽകിയ നിർദേശപ്രകാരമാണ് ബസുകൾ ലഭ്യമാക്കിയതെന്ന് സംസ്ഥാന നേതാക്കൾ പറഞ്ഞു.
കൊവിഡ് -19 പിസിസി ടാസ്‌ക് ഫോഴ്‌സിന്‍റെ തലവനും മുതിർന്ന നേതാവുമായ മാരി ശശിധർ റെഡ്ഡി, സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ് എൻ ഉത്തം കുമാർ റെഡ്ഡി തുടങ്ങിയവർ തെലങ്കാനയിലെ പാർട്ടിയുടെ ആസ്ഥാനമായ ഗാന്ധി ഭവനിൽ നിന്നും ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. ഓരോ ബസിലും 40 പേരാണ് യാത്ര ചെയ്യുന്നത്. യാത്രയ്ക്ക് ആവശ്യമായ ഭക്ഷണവും പഴങ്ങളും വെള്ളവും ബസിൽ ഒരുക്കിയതായി ശശിധർ റെഡ്ഡി പറഞ്ഞു.
കുടിയേറ്റ തൊഴിലാളികൾക്കായി ഒരുക്കിയിരിക്കുന്ന ശ്രമിക് ട്രെയിൻ ടിക്കറ്റിന്‍റെ പണം സംഭാവന നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് സ്റ്റേറ്റ് യൂണിറ്റ്, ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയതിന് ശേഷം പ്രതികരണം ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികളുടെ യാത്രയ്ക്കുള്ള ചെലവ് വഹിക്കാൻ പാർട്ടി തയ്യാറാണെന്ന കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയുടെ പ്രസ്താവനയെ തുടർന്നാണ് അദ്ദേഹം ഈ വാഗ്ദാനം നൽകിയത്.