ചെന്നൈ: മക്കളും സുഹൃത്തുക്കളും തമ്മിലുണ്ടായ വഴക്ക് ചോദിക്കാൻ പോയ യുവതിയെ നാല് പേർ ചേർന്ന് തല്ലിക്കൊന്നു. തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലാണ് സംഭവം. 35 കാരിയായ കോണ്ടാൽ എന്ന സ്ത്രീയാണ് മരിച്ചത്.
ഇവരുടെ മൂന്ന് ആൺമക്കളും അവരുടെ സുഹൃത്തുക്കളും ക്രിക്കറ്റ് കളിക്കാനുള്ള സ്ഥലത്തെ ചൊല്ലി വാക്കേറ്റമുണ്ടായി. ഇത് ചോദിക്കാനാണ് ഭർത്താവ് പളനിസാമിയേയും കൂട്ടി കോണ്ടാൽ നാല് യുവാക്കളുടെ വീട്ടിലേക്ക് പോയത്. പിന്നീട് രണ്ട് കുടുംബങ്ങളും തമ്മിൽ വാക് തർക്കമുണ്ടായി . ഇതിനിടയിൽ പ്രതികളായ തമിഴെൽവൻ (18), സമ്പത്ത് കുമാർ (18), വരദരാജ് (19), രാജ്കുമാർ (18) എന്നിവർ ചേർന്ന് കോണ്ടാലിനെ ക്രിക്കറ്റ് ബാറ്റും കല്ലും ഉപയോഗിച്ച് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടക്കുകയാണ്.