ന്യൂഡൽഹി: 'ഹോപ്പ്, നോട്ട് ഹംഗർ' സംരംഭവുമായി സ്വിഗ്ഗി. ദരിദ്രർക്ക് ഭക്ഷണം നൽകാനുള്ള ഡൽഹി സർക്കാരിന്‍റെ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി കഴിഞ്ഞയാഴ്ചയാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാന സർക്കാർ, എൻജിഒകൾ എന്നിവയുമായി സഹകരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ വിതരണ ശൃംഖലയായ സ്വിഗ്ഗി ഭക്ഷണവിതരണം നടത്തും. ലോക് ഡൗണിൽ കുടുങ്ങിപോയ ആയിരക്കണക്കിന് കൂലിപ്പണിക്കാർക്കും കുടിയേറ്റ തൊഴിലാളികൾക്കും ഭക്ഷണം എത്തിക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്.
കോമ്പസ് കിച്ചൻസ്, ലൈറ്റ് ബൈറ്റ് ഫുഡ്സ്, സ്മാർട്ട് ക്യു എന്നിവയുടെ പിന്തുണയോടെ ഡൽഹിയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ദിവസത്തിൽ രണ്ടുതവണ പോഷകാഹാരം വിതരണം ചെയ്യുമെന്ന് സ്വിഗ്ഗി അറിയിച്ചു. സംരംഭം ബെംഗളൂരു, ഹൈദരാബാദ്, ഗുരുഗ്രാം, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് വ്യാപിക്കാനും പദ്ധതിയുണ്ട്.