ന്യൂഡല്‍ഹി: പാർലമെന്‍റിന് മുന്നിൽ പ്രതിഷേധിക്കുന്ന എം.പിമാര്‍ക്ക് രാവിലെ ചായയുമായി രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് സിംഗ് എത്തിയെങ്കിലും ചായ വാഗ്‌ദാനം തിരസ്‌കരിച്ച് എം.പിമാർ. കര്‍ഷകവിരുദ്ധരുടെ ചായ സല്‍ക്കാരത്തില്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് പ്രതിഷേധക്കാർ 'നയതന്ത്ര' ചായ നിരസിക്കുകയായിരുന്നു.
കാര്‍ഷികബില്ല് അവതരണത്തിനിടെ ഉപാധ്യക്ഷനെ അപമാനിച്ചതിനെതിരെ രാജ്യസഭയില്‍ നിന്ന് ഒരാഴ്‌ചത്തേക്ക് എട്ട് എം.പിമാരെ സസ്‌പെൻഡ് ചെയ്‌തതിനെ തുടർന്നാണ് പ്രതിപക്ഷ എം.പിമാരുടെ സമരം. തൃണമൂൽ കോൺഗ്രസ് (ടിഎംസി) എം.പിമാരായ ഡെറിക് ഒബ്രിയാൻ, ഡോള സെൻ, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, കോൺഗ്രസ് പ്രതിനിധികളായ രാജു സാതവ്, രിപുൺ ബോറ, സയിദ് നാസിർ ഹുസൈൻ, സിപിഎം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരെയാണ് കഴിഞ്ഞ ദിവസം സഭയിൽ നിന്നും പുറത്താക്കിയത്. ബിജെപി എം.പിമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു രാജ്യ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു നടപടി സ്വീകരിച്ചത്.
പാര്‍ലമെന്‍റ് വളപ്പിൽ കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്. രാത്രി മുഴുവന്‍ കാര്‍ഷിക ബില്ലിനെതിരെ എം.പിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എളമരം കരീം, കെ.കെ രാഗേഷ് എന്നിവരും പ്രതിഷേധസമരത്തില്‍ സജീവമായിരുന്നു. സസ്പെന്‍ഷനിലൂടെ പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അവര്‍ മൂഢ സ്വര്‍ഗത്തിലാണെന്ന് കെ.കെ രാഗേഷ് എം.പി പറഞ്ഞു. കര്‍ഷകര്‍ക്ക് വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാര്‍ഡുമായാണ് എം.പിമാര്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ഞങ്ങൾ ഇവിടെ ധർണ ചെയ്യുന്നത് ഒരു ചായ സൽക്കാരത്തിനല്ല. എല്ലാവരും ഡെപ്യൂട്ടി ചെയർമാനെ ബഹുമാനിക്കുന്നു. എന്നാൽ ധർണയ്ക്ക് ശേഷം ഞങ്ങള്‍ അദ്ദേഹത്തെ ചായയ്ക്കായി ക്ഷണിക്കുമെന്ന് ആം ആദ്മി പാർട്ടി രാജ്യസഭ എം.പി സഞ്ജയ് സിംഗ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള സിപിഐ(എം) എം.പി സു. വെങ്കിടേഷന്‍ ഉള്‍പ്പടെയുള്ളവരും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.