ന്യൂഡൽഹി: കള്ളനെന്ന് സംശയിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചയാൾ ആശുപത്രിയില്‍ മരിച്ചു. മരണവുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്‌ച രാത്രി ഏഴ് മണിയോടെ പാണ്ഡവ് നഗറിൽ ഒരു കള്ളനെ നാട്ടുകാര്‍ പിടികൂടിയെന്ന ഫോൺ കോൾ മണ്ടാവലി പൊലീസ് സ്റ്റേഷനിലേക്ക് വന്നത്. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തുമ്പോഴേക്കും നാട്ടുകാര്‍ ഒരാളെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയിരുന്നെന്ന് ഡല്‍ഹി പൊലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ എം.എസ് രാന്ധവ പറഞ്ഞു.
പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയും നാല് മണിക്കൂറോളം നിരീക്ഷണത്തില്‍ വെച്ച ശേഷം വിട്ടയക്കുകയും ചെയ്‌തു. തുടര്‍ന്ന് നിയമ നടപടിക്രമങ്ങൾക്കായി ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ അവിടെ വെച്ച് ഇയാളുടെ ആരോഗ്യനില വഷളാവുകയും വീണ്ടും ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. എന്നാല്‍ ജീവൻ രക്ഷിക്കാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതികളായ എല്ലാവരെയും ഉടൻ പിടികൂടുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.