സൂര്‍ജഗദ് മാവോയിസ്റ്റ് ആക്രമണ കേസില്‍ അഞ്ച് പേര്‍ക്കെതിരെ 1837 പേജ് കുറ്റപത്രം പൂനെ പൊലീസ് സമര്‍പ്പിച്ചു. സുധാ ഭരദ്വാജ്, വരാവരാ റാവു, അരുണ്‍ ഫെരേറ, വെര്‍നണ്‍ ഗോണ്‍സാല്‍വസ്, നിരോധിത സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും കേസിലെ പിടികിട്ടാപുളളിയുമായ ഗണപതി എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ സൂര്‍ജഗദ്ദില്‍ 2016 ഡിസംബറിലുണ്ടായ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം യുഎപിഎ ചുമത്തി ആക്ടിവിസ്റ്റുകളായ വരാവരാ റാവു , സുരേന്ദ്ര ഗാഡ്ലിങ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭീമാ- കൊറേഗാവ് കലാപ കേസിലും പ്രതികളായ ഇവരെ അഹേരി കോടതി ജ്യുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീട് ജനുവരി 31ന് റാവുവിനെയും ഗാഡ്ലിങിനെയും ഗാഡ്ചിരോളി പൊലീസ് കസ്റ്റ്ഡയില്‍ വിട്ട് കൊണ്ട് പൂനെ കോടതി ഉത്തരവിട്ടു. തുടര്‍ന്ന് ഫെബ്രുവരി 11ന് പ്രതികളെ യെര്‍വാദാ ജയിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് റാവുവും ഗാഡ്ലിങും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.