ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കായി ഇന്ത്യയില്‍ എത്തിയ ബ്രസീല്‍ പ്രസിഡന്‍റ് ജെയർ ബോൾസോനാരോക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധവുമായി കരിമ്പ് കർഷകർ. ഓൾ ഇന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്തെ കരിമ്പ് കർഷർക്ക് എതിരെ ആഗോള തലത്തില്‍ ബ്രസീല്‍ സ്വീകരിച്ച നിലപാടിനെതിരെയായിരുന്നു പ്രതിഷേധം. കരിമ്പ് കര്‍ഷകര്‍ക്ക് ഇന്ത്യ അനുവദനീയമായതിലും കൂടുതൽ സംരക്ഷണം നല്‍കുന്നുവെന്നാണ് ബ്രസീലിന്‍റെ നിലപാട്. ഇതിനെതിരെ ലോകവ്യാപാര സംഘടനയിൽ ബ്രസീലും ഓസ്‌ട്രേലിയയും ഗ്വാട്ടമാലയും പരാതി നൽകിയിരുന്നു. കരിമ്പ് കർഷകർക്ക് രാജ്യത്ത് വിപണിയില്‍ നിന്നും ലഭിക്കുന്ന വിലയും സർക്കാർ നിശ്‌ചയിക്കുന്ന സംഭരണവിലയും ലോകവ്യാപാര സംഘടനയുടെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് ഈ രാജ്യങ്ങളുടെ ആരോപണം.
അതേസമയം നിലവില്‍ രാജ്യത്തെ കരിമ്പ് കർഷകർക്ക് 24,000 കോടി രൂപയാണ് കുടിശിക ഇനത്തില്‍ ലഭിക്കാനുള്ളതെന്ന് ഓൾ ഇന്ത്യ ഷുഗർ കെയിന്‍ ഫാർമേഴ്‌സ് ഫെഡറേഷന്‍ വ്യക്തമാക്കി. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ കെ ശുക്ല, എസ്‌എഫ്‌ഐ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. 71-ാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കായാണ് രാജ്യത്തിന്‍റെ ക്ഷണം സ്വീകരിച്ച് ബ്രസീല്‍ പ്രസിഡന്‍റ് ഇന്ത്യയില്‍ എത്തിയത്.