മുംബൈ: സംസ്ഥാന ട്രാൻസ്പോർട്ട് ബസ് സർവീസുകൾ രാവിലെ മുതൽ നിർത്തിവെച്ചതോടെ മുംബൈ സബർബൻ നെറ്റ്‌വർക്കിലെ നല്ലസൊപര റെയിൽവേ സ്റ്റേഷനിലെ ട്രെയിൻ ഗതാഗതം ആളുകൾ തടസപ്പെടുത്തി. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസുകളിൽ യാത്ര ചെയ്‌തിരുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിവിധ മേലകളിലെ തൊഴിലാളികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
തുടർന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു. നല്ലസൊപര റെയിൽവേ സ്റ്റേഷനിൽ ചില യാത്രക്കാർ സ്ലോ ട്രാക്കുകളിൽ ഇറങ്ങി ട്രെയിൻ ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. റെയിൽവേ സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ച ആളുകൾ കുറച്ച് സമയത്തിന് ശേഷം സ്റ്റേഷന് അകത്തേക്ക് കയറി പ്രതിഷേധിക്കുകയായിരുന്നു.
അവശ്യ സേവന വിഭാഗത്തിൽ പെടാത്തതിനാൽ പ്രാദേശിക ട്രെയിനുകളിലും ഇവർക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. അവശ്യ സേവന വിഭാഗത്തിലെ ജീവനക്കാർക്കായി കഴിഞ്ഞ മാസമാണ് മുംബൈയിൽ സബർബൻ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചത്. മുംബൈ, താനെ, പൽഘർ, റായ്‌ഗഡ് എന്നിവിടങ്ങളിൽ നിന്ന് പ്രാദേശിക ട്രെയിൻ സർവീസുകൾ പുനരാരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ ഉൾപ്പെടുന്ന ഈ നാല് പ്രദേശങ്ങളിലും കൊവിഡ് രോഗികളും മരണവും കൂടുതലായാണ് നിലവിൽ റിപ്പോർട്ട് ചെയ്യുന്നത്.