ന്യൂഡൽഹി: യാത്രക്കാരില്ലാതെ അവശ്യസാധനങ്ങൾ മാത്രം എത്തിച്ച് ഇന്ത്യൻ റെയിൽവേ സമ്പാദിച്ചത് 7.5 കോടി രൂപ. രാജ്യം ലോക് ഡൗണിലായ സാഹചര്യത്തിൽ പ്രത്യേക പാഴ്‌സൽ സർവീസ് നടത്തി 20,400 ടൺ ചരക്കുകളാണ് റെയിൽ മാർഗം എത്തിച്ചിട്ടുള്ളത്. കഴിഞ്ഞ 21 ദിവസങ്ങൾക്കുള്ളിൽ 7.54 കോടി രൂപയും ഇതുവഴി നേടിയതായി റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്കും വൻതോതിൽ ചരക്കുകൾ എത്തിക്കുന്നതിനായി പ്രത്യേക പാഴ്‌സൽ സർവീസുകൾ റെയിൽവേ ലഭ്യമാക്കിയിരുന്നു. പ്രത്യേകമായി 65 റൂട്ടുകളിൽ സമയം ചിട്ടപ്പെടുത്തിയാണ് റെയിൽവേ സർവീസുകൾ നടത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വരെ 522 പ്രത്യേക പാഴ്‌സൽ ട്രെയിനുകളാണ് ചരക്ക് ഗതാഗതത്തിനായി ഉപയോഗിച്ചത്. ഇവയിൽ 458 എണ്ണവും സമയക്രമപ്പട്ടിക അടിസ്ഥാനമാക്കിയാണ് സർവീസ് നടത്തിയത്. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ പാസഞ്ചർ, മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ, പ്രധാനമന്ത്രി ലോക് ഡൗൺ കാലാവധി നീട്ടിയതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സർവീസുകൾ നടത്തില്ലെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.