ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമുള്ള കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് തുടക്കം. കോൺഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കാൻ ഒരുങ്ങിയ രാഹുല്‍ ഗാന്ധിയുടെ നിലപാട് അടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ യോഗത്തില്‍ ചർച്ചയാകും. പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ രാവിലെ 10.30 ന് ചേരുന്ന യോഗത്തിൽ ലോക്സഭയിലെയും രാജ്യസഭയിലെയും പാർട്ടി എംപിമാർക്ക് പുറമെ എഐസിസി ജനറൽ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി കൊടക്കുന്നിൽ സുരേഷാണ് യോഗം വിളിച്ചത്.
പാർട്ടി അധ്യക്ഷ പദവിയൊഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ഇന്നത്തെ യോഗത്തിൽ നേതാക്കൾ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദം ചെലുത്തുന്നുണ്ട്. അധ്യക്ഷ പദവിയിൽ നിന്നുള്ള രാജിസന്നദ്ധത അറിയിച്ച പ്രവർത്തക സമിതി യോഗത്തിന് ശേഷം രാഹുൽ പങ്കെടുക്കുന്ന പാർട്ടിയുടെ ആദ്യ ഔദ്യോഗിക പരിപാടിയാണിത്. തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന രാഹുൽ കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കളെ കാണാൻ വിസമ്മതിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള എംപിമാർ സോണിയയെയും രാഹുലിനെയും പ്രത്യേക കാണുമെന്നും രാഹുലിനോട് രാജിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായാണ് വിവരം.
നിലവിലെ സിപിപി അധ്യക്ഷ സോണിയ ഗാന്ധി മേധാവിയായി തുടരാനാണു സാധ്യത. സോണിയ ഒഴിഞ്ഞാൽ രാഹുൽ ഗാന്ധിക്കു നറുക്കുവീഴും. സഭയിലെ കക്ഷിനേതാവിനെയും ഉപനേതാവിനെയും തിരഞ്ഞെടുക്കാൻ സിപിപി മേധാവിയെ യോഗം ചുമതലപ്പെടുത്തും. നേതൃസ്ഥാനം രാഹുൽ ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. ഇന്നത്തെ യോഗത്തിൽ ലോക്സഭ കക്ഷി നേതൃസ്ഥാനം ചർച്ചയാവില്ല.
നിലവിൽ കോൺഗ്രസിന് ലോക്സഭയിൽ 52 അംഗങ്ങളാണുള്ളത്. 54 സീറ്റുകളുണ്ടെങ്കിലേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ. അതിനാൽ സ്വതന്ത്രരെ ഒപ്പം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. രാഹുൽ ഗാന്ധി തയ്യാറായില്ലെങ്കിൽ മാത്രമേ ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്ത് മറ്റ് പേരുകളിലേക്ക് ചർച്ച കടക്കുക. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, ആദിര്‍ രഞ്ജന്‍ ചൗധരി, മനീഷ് തിവാരി എന്നീ പേരുകളായിരിക്കും പരിഗണിക്കുക. എന്നാല്‍ അത്തരത്തിലുള്ള വിശാലമായ ചര്‍ച്ചകള്‍ ഇന്ന് നടക്കില്ലെന്നും സൂചനയുണ്ട്.