ന്യൂഡല്‍ഹി: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയത് നാണക്കേടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ആക്ടിവിസ്റ്റുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തിയത് സംബന്ധിച്ച വിവരങ്ങളാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം നടപടികള്‍ നിയമവിരുദ്ധവും ഭരണഘടനക്ക് ഉതകുന്നതുമല്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്നവരുടെയും പോഷക സംഘടനാ ഭാരവാഹികളുടെയും യോഗത്തിലാണ് പാര്‍ട്ടി നേതാക്കളെ അഭിസംബോധന ചെയ്ത് സോണിയ ഗാന്ധി മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ തുടങ്ങി തൊഴിലില്ലായ്മയും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളും യോഗത്തില്‍ ചര്‍ച്ചയായി. ഇക്കാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളെ പാര്‍ട്ടി എങ്ങനെ നേരിടണമെന്നായിരുന്നു യോഗത്തിന്‍റെ മുഖ്യ അജണ്ട. കോണ്‍ഗ്രസ് രാജ്യ വ്യാപകമായി പ്രക്ഷോഭം നടത്തുന്നതിനെക്കുറിച്ചും വിശദമായി ചര്‍ച്ചകള്‍ നടന്നു.