ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 സെന്‍റീമീറ്റര്‍ നീളമുള്ള കത്തി. ഹരിയാന സ്വദേശിയായ 28 വയസുകാരനായ യുവാവിന്‍റെ കരളില്‍ നിന്നാണ് ഡോക്‌ടര്‍മാര്‍ കത്തി പുറത്തെടുത്തത്. യുവാവ് കഞ്ചാവിന് അടിമയായിരുന്നു. ഇത് കിട്ടാതായതോടെ ഒന്നരമാസം മുന്‍പ് യുവാവ് കത്തി വിഴുങ്ങുകയായിരുന്നു. തുടര്‍ന്നും ഇയാള്‍ സാധാരണ ജീവിതം നയിച്ചിരുന്നു. വീട്ടുകാര്‍ക്ക് പോലും യുവാവ് കത്തി വിഴുങ്ങിയതായി അറിവുണ്ടായിരുന്നില്ല. എന്നാല്‍ കഠിനമായ വയറുവേദനയും വിശപ്പില്ലായ്‌മയും അനുഭവപ്പെട്ടതോടെ ഇയാളെ സഫ്‌ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എക്‌സറെയില്‍ കരളില്‍ കത്തി കണ്ടെത്തിയതോടെ എയിംസിലേക്ക് മാറ്റുകയായിരുന്നു.
ഡോ.എന്‍ആര്‍ ദറിന്‍റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ ശസ്‌ത്രക്രിയയിലൂടെയാണ് കത്തി പുറത്തെടുത്തത്. ഇത്തരമൊരു കേസ് വിരളമാണെന്നും ശരീരത്തിനുള്ളില്‍ കത്തിയുമായി ഒരു മാസത്തിലധികം യുവാവ് ജീവിച്ചത് അതിശയകരമാണെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു. കത്തി പിത്തനാളിക്കും രക്തധമനികള്‍ക്കും സിരകള്‍ക്കും അടുത്തായിരുന്നുവെന്നും ശസ്‌ത്രക്രിയയിലെ നേരിയ പിഴവ് പോലും യുവാവിന്‍റെ ജീവന്‍ എടുക്കുമായിരുന്നുവെന്നും ഡോ. ദര്‍ പറഞ്ഞു. ശരീരത്തിനകത്തെ പഴുപ്പ് എടുത്തുമാറ്റിയതിനു ശേഷവും സൈക്കാട്രിസ്റ്റിന്‍റെ സഹായത്തോടെ രോഗിയെ മാനസികമായി തയ്യാറാക്കിയതിന് ശേഷവുമാണ് ശസ്‌ത്രക്രിയ നടത്തിയത്.