മുംബൈ: അയോധ്യയിലെ ശ്രീ രാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുമോയെന്ന് ശിവസേന മുഖപത്രം സാമ്‌ന. പ്രധാനമന്ത്രി പ്രോട്ടോക്കോൾ പ്രകാരം ക്വാറന്‍റൈനിൽ പ്രവേശിക്കുമോയെന്നും മുഖപത്രം ചോദിക്കുന്നു. ഭൂമി പൂജ ചടങ്ങിൽ മഹന്ത് നൃത്യ ഗോപാൽ ദാസിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി വേദി പങ്കിട്ട സാഹചര്യത്തിലാണ് സാമ്‌നയുടെ പ്രതികരണം.
75കാരനായ മഹന്ത് നൃത്യ ഗോപാൽ ദാസ് മാസ്‌ക്ക് ധരിച്ചിരുന്നില്ലെന്നും ഇരുവരും ഹസ്‌തദാനം ചെയ്‌തിരുന്നുവെന്നും മുഖപത്രത്തിൽ പറയുന്നു. അതിനാൽ പ്രധാനമന്ത്രിയും ക്വാറന്‍റൈനിൽ പ്രവേശിക്കേണ്ടതല്ലേയെന്നും മുഖപത്രം ചോദിക്കുന്നു. ഓഗസ്റ്റ് അഞ്ചിലെ അയോധ്യയിലെ രാമ ക്ഷേത്ര ഭൂമി പൂജയുമായി ബന്ധപ്പെട്ട ചടങ്ങിൽ നൃത്ത ഗോപാൽ ദാസിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.