ന്യൂഡല്‍ഹി: കശ്മീരി രാഷ്‌ട്രീയ പ്രവർത്തകയും ജെ.എൻ.യു മുൻ വിദ്യാർഥി നേതാവുമായ ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീരികളുടെ അവസ്ഥയും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും നടത്തിയ പരാമർശത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
സുപ്രീംകോടതി അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്‌തവയാണ് ഷെഹ്‌ലക്കെതിരെ പരാതി നല്‍കിയത്. ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക സെല്ലാണ് കേസെടുത്തിരിക്കുന്നത്. കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഷെഹ്‌ല സൈന്യത്തിനെതിരെ ആരോപണമുന്നയിച്ചുകൊണ്ട് ട്വീറ്റ് ചെയ്‌തിരുന്നു. കശ്‌മീരില്‍ സൈന്യം ബിജെപിയുടെ അജണ്ട നടപ്പാക്കുകയാണെന്ന് ഷെഹ്‌ല ആരോപിച്ചിരുന്നു. 124എ, 153എ, 153, 504, 505 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഷെഹ്‌ലയുടെ ആരോപണങ്ങളെല്ലാം തള്ളിയ സൈന്യം ഇത്തരം പ്രചാരണങ്ങൾ നടത്തിയാല്‍ ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് അഭിഭാഷകന്‍റെ പരാതിയില്‍ ഇപ്പോൾ രാജ്യദ്രോഹത്തിന് കേസെടുത്തിരിക്കുന്നത്.