ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ കേന്ദ്രമന്ത്രിയും ലോക് താന്ത്രിക് ജനതാദൾ നേതാവുമായ ശരദ് യാദവിന്‍റെ മകൾ സുഭാഷിണി കോൺഗ്രസിൽ ചേർന്നു. മുൻ എംപി കാലി പാണ്ഡെയും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. പാർട്ടിയിൽ അംഗത്വം നൽകിയതിന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും സുഭാഷിണി നന്ദി അറിയിച്ചു.
1984 ൽ ഗോപാൽഗഞ്ചിൽ നിന്നുള്ള സ്വതന്ത്ര എംപിയായിരുന്നു പാണ്ഡെ. രാജ്യത്തിന്‍റെ ഭാവി കോൺഗ്രസാണെന്നും, ഞാൻ വീട്ടിലേക്ക് മടങ്ങുകയാണെന്നും പാണ്ഡെ പറഞ്ഞു.
കോൺഗ്രസ് സ്ഥാനാർത്ഥിയായി ചൊവ്വാഴ്ച ഗോപാൽഗഞ്ച് ജില്ലയിലെ കുചൈക്കോട്ട് സീറ്റിൽ നിന്ന് നാമനിർദേശം സമർപ്പിച്ച പാണ്ഡെ എൽജെഡിയുടെ ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ സുഭാഷിനി മത്സരിക്കുമോ എന്ന് വ്യക്തമല്ല.
ഇരു നേതാക്കളും ബിഹാറിൽ പാർട്ടിയെയും സഖ്യ കക്ഷികളെയും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് മദൻ മോഹൻ ഷാ പറഞ്ഞു. 70 നിയമസഭാ സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്.