കൊളംബോ: എം.ടി ന്യൂ ഡയമണ്ട് എണ്ണക്കപ്പലിലെ തീ പൂർണമായും അണച്ചതായി ഇന്ത്യൻ തീരസംരക്ഷണ സേന അറിയിച്ചു. വീണ്ടും തീപ്പിടിത്തമുണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും സേന വ്യക്തമാക്കി. തീ നിയന്ത്രിക്കാൻ ഉയർന്ന അളവിൽ ജലവും മറ്റും പ്രയോഗിക്കേണ്ടി വന്നതിനാൽ കപ്പലിന്‍റെ പിൻഭാഗം മൂന്നടിയോളം മുങ്ങിയിട്ടുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. ഇന്ത്യയുടെ സുജയ്,ശൗര്യ,സാരംഗ് എന്നീ കപ്പലുകളാണ് ന്യൂ ഡയമണ്ടെന്ന വമ്പൻ എണ്ണകപ്പലിലെ തീയണയ്ക്കുന്നതിനായി മുൻപന്തിയിലുണ്ടായിരുന്നത്. കൂടാതെ, ഇന്ത്യൻ തീരസംരക്ഷണ സേനയുടെ പൊല്യൂഷ്യൻ റെസ്പോൺസ് വെസ്സൽ സമുദ്ര പഹേർദാറും ശ്രീലങ്കൻ കപ്പലുകളും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു. വീണ്ടും തീപിടിക്കാനുള്ള സാധ്യതയുള്ളതിനാൽ, അധികൃതർ പരിസരത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഒരു ഫിലിപ്പിനോ ക്രൂ അംഗം മരിക്കുകയും മറ്റൊരാൾക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയിലും എംടി ന്യൂ ഡയമണ്ടിലെ തീപിടിത്തത്തെ ദുരന്തനിവാരണ സംഘങ്ങൾ വിജയകരമായി നിയന്ത്രണ വിധേയമാക്കുകയായിരിന്നു. ദുരന്തത്തിലായ കപ്പൽ കൂടുതൽ ദൂരത്തേക്ക് വലിച്ചിട്ടതായും ശ്രീലങ്കൻ നാവികസേന പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ, ശ്രീലങ്കൻ സേനയുടെ സംയുക്ത ഓപ്പറേഷനിലായിരുന്നു ആദ്യം ഞായറാഴ്ച തീ അണച്ചത്. എന്നാൽ കടുത്ത ചൂടും ശക്തമായ കാറ്റും കാരണം മണിക്കൂറുകൾക്കുള്ളിൽ തന്നെ വീണ്ടും തീ പടരുകയായിരുന്നു.