ഭോപാല്‍: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മാറി ബിജെപിയില്‍ ചേര്‍ന്ന് രാജ്യസഭാ എംപിയായ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് നാക്ക് പിഴച്ചു. മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യു എന്നായിരുന്നു പുതിയ ബിജെപി നേതാവിന്‍റെ ആഹ്വാനം. ഗ്വാളിയാറിലെ ദാബ്രയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി ഇമാര്‍തി ദേവിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ പൊതുസമ്മേളനത്തിലാണ് സിന്ധ്യയ്‌ക്ക് അമളി പറ്റിയത്.
"ദാബ്രയിലെ എന്‍റെ പ്രിയപ്പെട്ട ജനങ്ങളെ കൈപ്പത്തിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളു എന്ന് നിങ്ങള്‍ എനിക്ക് വാക്ക് തരു." - എന്നായിരുന്നു സിന്ധ്യയുടെ പ്രസ്താവന. അബദ്ധം പറ്റിയത് മനസിലായ ഉടനെ തന്നെ കൈപ്പത്തിക്ക് പകരം താമരയാക്കി സിന്ധ്യ ആഹ്വാനം ആവര്‍ത്തിച്ചു. എന്നാല്‍ അധികം വൈകാതെ പ്രസംഗത്തിന്‍റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസിന്‍റെ ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടു. "കൈപ്പത്തിക്ക് മാത്രമേ വോട്ട് ചെയ്യുകയുള്ളു എന്ന് ജനങ്ങള്‍, സിന്ധ്യാജി നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു" എന്ന ക്യാപ്‌ഷനോടെയാണ് വിഡിയോ ഷെയര്‍ ചെയ്‌തിരിക്കുന്നത്.
എന്നാല്‍ സിന്ധ്യയ്ക്ക് അബദ്ധം പറ്റിയതാണെന്നും. ഉടൻ തന്നെ അദ്ദേഹം അത് തിരുത്തിയെന്നുമാണ് ബിജെപി പ്രതികരിച്ചിരിക്കുന്നത്. 18 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് 22 എംപിമാരുമായി കഴിഞ്ഞ മാര്‍ച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത്.