ന്യൂഡൽഹി: ഡൽഹിയിലെ ഷഹീൻ ബാഗ് പ്രദേശത്ത് നിന്ന് പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പുനപരിശോധിക്കും. പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയ്‌ക്കെതിരായ പ്രതിഷേധം കാരണം ഡൽഹിയിലെ ഷഹീൻ ബാഗ് പ്രദേശം അടുത്തിടെ രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു.
ഫെബ്രുവരി 10ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പ്രതിഷേധം സംബന്ധിച്ച് കേന്ദ്രത്തിനും ഡൽഹി സർക്കാരിനും പൊലീസിനും നോട്ടീസ് നൽകി. രണ്ട് മാസത്തോളമായി പ്രതിഷേധം നടക്കുന്ന ഷഹീൻ ബാഗ്, കാളിന്ദി കുഞ്ച് റോഡ് എന്നിവിടങ്ങളിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ട് രണ്ട് ഹർജികൾ കോടതി പരിഗണിച്ചിരുന്നു.